നേതൃത്വ വിലക്കിനെ അവഗണിച്ച് പ്രചാരണം തുടരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്:

നേതൃത്വം വിലക്കിയിട്ടും തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട്ടിലെ സ്ഥാനാർഥികൾക്കായി പ്രചാരണം തുടരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. തനിക്ക് നേതാക്കളോ പാർട്ടിയോ പ്രചരണത്തിൽ പങ്കെടുക്കരുതെന്നും പങ്കെടുക്കണമെന്നും പറഞ്ഞിട്ടില്ലെന്നും, ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകനായി സ്ഥാനാർഥികളെ വിജയിപ്പിക്കാനാണ് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

“ഒരു നേതാവും തന്നോട് പ്രചരണത്തിൽ പങ്കെടുക്കരുതെന്നും പങ്കെടുക്കണമെന്നും പറഞ്ഞിട്ടില്ല. രമേശ് ചെന്നിത്തലയോ കെ.സി വേണുഗോപാലോ പറഞ്ഞത് ഞാൻ കേട്ടിട്ടില്ല. ഒരു പ്രവർത്തകൻ എന്ന നിലക്ക് കോൺഗ്രസ് സ്ഥാനാർഥിയെ വിജയിപ്പിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. ഒരു സാധാരണ പ്രവർത്തകനായി വോട്ടുകൾ തേടാനാണ് എത്തിയത്. പല വാർഡുകളിലും പ്രചാരണത്തിന് എത്തും” — രാഹുൽ മാങ്കൂട്ടത്തിൽ.

വിവാദ ഓഡിയോ പുറത്തുവന്ന ശേഷം പാലക്കാട് ശേഖരീപുരം ഡിവിഷനിലെ സ്ഥാനാർഥിക്കായി രാഹുൽ പ്രചാരണത്തിൽ പങ്കെടുത്തിരുന്നു. ഇന്നും മറ്റൊരു വാർഡിൽ സമാനമായ പ്രചാരണം നടത്തുമെന്നും, ഡിസംബർ 11 വരെ ഇത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് പാർട്ടിയിൽ നിലവിൽ യാതൊരു സ്ഥാനവുമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കിയിരുന്നു.

“ഏറ്റവും ശക്തമായ നടപടിയാണ് പാർട്ടി എടുത്തത്. ആരോപണം വന്നപ്പോൾ തന്നെ സസ്പെൻഡ് ചെയ്തു. പ്രചാരണം നോക്കേണ്ടത് പ്രാദേശിക നേതാക്കൾ തന്നെയാണ്” — കെ.സി വേണുഗോപാൽ.

malayalampulse

malayalampulse