തിരുവനന്തപുരം: നയപ്രഖ്യാപന വിവാദത്തിൽ ഗവർണറും സർക്കാരും തമ്മിലുള്ള പോര് കൂടുതൽ രൂക്ഷമാകുന്നു. ഗവർണർ അയച്ച അതീവ രഹസ്യ സ്വഭാവമുള്ള കത്തിനെക്കുറിച്ച് സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ പ്രതികരണത്തിന് എതിരെ ലോക് ഭവൻ പരസ്യമായി രംഗത്തെത്തി.
ഗവർണറുടെ കത്ത് സ്പീക്കർക്ക് ലഭിക്കുന്നതിന് മുമ്പ് മാധ്യമങ്ങൾക്ക് ലഭിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ലോക് ഭവൻ വ്യക്തമാക്കി. ഭരണഘടനാ തലവൻ അയക്കുന്ന കത്തുകൾക്ക് വാർത്താസമ്മേളനം വിളിച്ച് മറുപടി പറയുന്നത് നിലവിലെ കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്നും ലോക് ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഗവർണറുടെ കത്ത് ആദ്യം മാധ്യമങ്ങൾക്ക് ലഭിച്ചുവെന്നും, മാധ്യമങ്ങൾക്ക് നൽകിയ കത്തിന്റേതായ പകർപ്പാണ് സ്പീക്കറുടെ ഓഫീസിന് ലഭിച്ചതെന്നും സ്പീക്കർ എ.എൻ. ഷംസീർ ആരോപിച്ചിരുന്നു. അതീവ രഹസ്യ സ്വഭാവമുള്ളതായി കത്തിൽ വ്യക്തമാക്കിയിരുന്നുവെന്നും, നേരിട്ട് കത്ത് ലഭിച്ചാൽ മാത്രമേ മറുപടി നൽകൂവെന്നുമായിരുന്നു സ്പീക്കറുടെ നിലപാട്.
ഈ പ്രസ്താവനകൾക്ക് പിന്നാലെയാണ് ലോക് ഭവൻ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്. നയപ്രഖ്യാപനവുമായി ബന്ധപ്പെട്ട ഗവർണർ–സർക്കാർ തർക്കം ഇതോടെ കൂടുതൽ രാഷ്ട്രീയവും ഭരണഘടനാപരവുമായ സംഘർഷത്തിലേക്ക് നീങ്ങുകയാണ്.
