രജനീകാന്തിന്റെ കരിയറിലെ ഏറ്റവും വൈകാരികമായ അവതരണങ്ങളിൽ ഒന്നായി ദേവയെ ചിത്രീകരിച്ചിരിക്കുന്നു
അമ്പത് വർഷത്തെ തിളക്കമുള്ള സിനിമാ ജീവിതത്തിനിടയിൽ ആരാധകരെ ആവേശഭരിതരാക്കി കൊണ്ടെത്തിയ രജനീകാന്തിന്റെ പുതിയ ചിത്രം ‘കൂലി’ പ്രേക്ഷക മനസ്സിൽ തരംഗമാകുന്നു. ലോകേഷ് കനകരാജ് ഒരുക്കിയ ഈ ചിത്രം അടിമുടി ‘രജനിയിസം’ നിറഞ്ഞതാണ്.
പ്രീതി (ശ്രുതി ഹാസൻ) എന്ന യുവതിയുടെ ജീവിതത്തിൽ പ്രതിസന്ധി വന്നപ്പോൾ പിതാവിന്റെ സുഹൃത്തായ ദേവ (രജനീകാന്ത്) രംഗപ്രവേശം ചെയ്യുന്നു. ദേവയുടെ വരവോടെ കഥ സൈമൺ, ദയാൽ (സൗബിൻ ഷാഹിർ), കലീഷ (ഉപേന്ദ്ര), ദാഹ (ആമിർ ഖാൻ), രാജശേഖരൻ, നാ ഗാർജുന തുടങ്ങിയ കഥാപാത്രങ്ങളിലൂടെ വിപുലമാകുന്നു. ലോകേഷ്, കൂലിയിൽ -കഥയുടെ പശ്ചാത്തലവും കഥാപാത്രങ്ങളുടെ യാത്രയും ഘട്ടംഘട്ടമായി പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന കഥാശൈലി സ്വീകരിച്ചിരിക്കുന്നു.
രജനീകാന്തിന്റെ കരിയറിലെ ഏറ്റവും വൈകാരികമായ അവതരണങ്ങളിൽ ഒന്നായി ദേവയെ ചിത്രീകരിച്ചിരിക്കുന്നു. മാസും സ്റ്റൈലും നിലനിർത്തിക്കൊണ്ട് വികാരത്തിന്റെ ആഴം കൂട്ടിയിരിക്കുന്നതാണ് പ്രത്യേകത.
സൗബിൻ ഷാഹിറിന്റെ ദയാൽ വേഷം മലയാള സിനിമാ താരങ്ങൾക്ക് അപൂർവ്വമായി ലഭിക്കുന്ന അവസരങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു. നാ ഗാർജുനയുടെ വില്ലൻ വേഷവും പ്രേക്ഷകർ കൈയ്യടിച്ച് സ്വീകരിച്ചിട്ടുണ്ട്.
ശ്രുതി ഹാസന്റെ പ്രീതി, രച്ചിതാ റാമിന്റെ വേഷം എന്നിവയും പതിവ് മാസ് സിനിമകളിൽ നിന്നു വ്യത്യസ്തമായി പ്രാധാന്യം നേടി. സംഗീതത്തിൽ അനിരുദ്ധ്, ക്യാമറയിൽ ഗിരീഷ് ഗംഗാധരൻ, എഡിറ്റിങ്ങിൽ ഫിലോമിൻ രാജ്, സംഘട്ടന രംഗങ്ങളിൽ അൻബറിവ് എന്നിവരുടെ സംഭാവനയും ചിത്രത്തിന്റെ ശക്തി വർദ്ധിപ്പിക്കുന്നു.
അടിമുടി രജനീകാന്ത് സ്റ്റൈൽ അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ‘കൂലി’ ഉറപ്പായും തൃപ്തി നൽകുന്ന സിനിമയാണ്.
