റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ മെട്രോ ശൃംഖല ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവറില്ലാ ട്രെയിൻ സംവിധാനമായി ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി.
ആറ് ലൈനുകളും 85 സ്റ്റേഷനുകളും ഉൾക്കൊള്ളുന്ന ഈ ശൃംഖല പൂർണ്ണമായും ഓട്ടോമേറ്റഡ് രീതിയിലാണ് പ്രവർത്തിക്കുന്നത്. 176 കിലോമീറ്റർ ദൈർഘ്യമുള്ള ഈ മെട്രോ ശൃംഖലയെ ലോകത്തിലെ ഏറ്റവും വലുതും പൂർണമായും ഡ്രൈവറില്ലാത്തതുമായ ട്രെയിൻ സംവിധാനം എന്ന നിലയ്ക്കാണ് ഗിന്നസ് അംഗീകരിച്ചത്.
സെൻട്രൽ കൺട്രോൾ റൂമുകളിലൂടെ നിരീക്ഷണവും പ്രവർത്തന മാനേജ്മെന്റും ഉറപ്പാക്കുന്ന സിസ്റ്റമാണ് റിയാദ് മെട്രോയിൽ നിലവിലുള്ളത്. മെട്രോയും ബസ് സർവീസും ചേര്‍ന്ന സംയോജിത ഗതാഗത സംവിധാനം നഗരത്തിലെ യാത്രാസൗകര്യം വൻതോതിൽ മെച്ചപ്പെടുത്തുന്നതോടൊപ്പം ഗതാഗത കുരുക്കുകൾ കുറയ്ക്കുന്നതിനും സഹായിക്കും.
സൗദി അറേബ്യയുടെ വികസന ദൗത്യമായ വിഷൻ 2030-ന്റെ ഭാഗമായ സ്മാർട്ട് — സുസ്ഥിര ഗതാഗത അടിസ്ഥാനസൗകര്യ വികസനത്തിനുള്ള റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റിയുടെ നീക്കങ്ങൾക്കാണ് ഈ നേട്ടം വലിയ അംഗീകാരമായി കാണുന്നത്.
