ന്യൂയോർക്ക്: ഇസ്രയേൽ ഇനി ഖത്തറിനെ ആക്രമിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ ഇതിനുള്ള ഉറപ്പ് നൽകിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. അറബ് ഉച്ചകോടിക്ക് പിന്നാലെയായിരുന്നു അമേരിക്കൻ പ്രസിഡന്‍റിന്റെ പ്രതികരണം.
അതേസമയം, മുഴുവൻ ബന്ദികളെയും ഉടൻ മോചിപ്പിക്കണമെന്ന് ഹമാസിന് മുന്നറിയിപ്പ് നൽകി ട്രംപ്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിൽ നടന്ന ആക്രമണത്തെക്കുറിച്ച് നേരത്തെ അറിയിച്ചെന്ന റിപ്പോർട്ടുകളും ട്രംപ് തള്ളി. ആക്രമണ വിവരം 50 മിനിറ്റ് മുമ്പ് തന്നെ നെതന്യാഹു അമേരിക്കയെ അറിയിച്ചുവെന്ന വാർത്തകളും വൈറ്റ് ഹൗസ് നിഷേധിച്ചു.
ഇതിനിടെ, ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് വിദേശത്ത് വരെ ആക്രമണം തുടരുമെന്ന സൂചന നൽകി നെതന്യാഹു. സ്വയം പ്രതിരോധിക്കാൻ അതിർത്തിക്കപ്പുറം നടപടികൾ സ്വീകരിക്കുമെന്നും ഹമാസിന് ഒരിടത്തും സംരക്ഷണമില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി വ്യക്തമാക്കി.
അറബ്-ഇസ്ലാമിക് ഐക്യത്തിന് വഴിയൊരുക്കി ഖത്തർ ഉച്ചകോടി
ഖത്തറിൽ നടന്ന അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി മേഖലയിൽ വലിയ ഐക്യത്തിന് വഴിയൊരുക്കി. വിവിധ രാഷ്ട്രങ്ങളിലെ പ്രധാന നേതാക്കളുടെ നേരിട്ടുള്ള പങ്കാളിത്തം മേഖലയുടെ ശക്തമായ വികാരത്തിന്റെ പ്രതിഫലനമായിരുന്നു.
ഇറാൻ, തുർക്കി, സൗദി അറേബ്യ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ പ്രതിരോധ സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഒരാളെ ആക്രമിച്ചാൽ അത് മുഴുവൻ അറബ്-ഇസ്ലാമിക് ലോകത്തെയും ആക്രമിച്ചതായി കണക്കാക്കണമെന്ന് നിർദേശിച്ചു. അബ്രഹാം കരാറുകളടക്കം ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
ഇറാൻ പ്രസിഡന്‍റും സൗദി കിരീടാവകാശിയും സിറിയ പ്രസിഡന്‍റും തമ്മിൽ പ്രത്യേക കൂടിക്കാഴ്ചയും നടന്നു. പ്രതിരോധ രംഗത്ത് ഒരുമിച്ച് നിന്നു ചെറുക്കാനാണ് ജിസിസി കൗൺസിലിന്റെ തീരുമാനം.
ഉച്ചകോടിക്ക് പിന്നാലെ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഖത്തറിലെത്തും. ഇസ്രയേൽ സന്ദർശനത്തിന് ശേഷം നടക്കുന്ന ഈ സന്ദർശനം, അമേരിക്കയുടെ നിലപാട് വ്യക്തമാക്കുന്നതിൽ നിർണായകമാകുമെന്ന് വിലയിരുത്തുന്നു.
