മോസ്കോ: ഇറാൻ–ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്ക് എണ്ണവിതരണ സഹായം നൽകാമെന്ന വാഗ്ദാനവുമായി റഷ്യ രംഗത്ത്. പ്രതിസന്ധി മൂലം എണ്ണ വിതരണം തടസപ്പെട്ടാൽ ഇന്ത്യയെ സഹായിക്കാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡൻറ് Vladimir Putin അറിയിച്ചതായി Reuters നെ ഉദ്ധരിച്ച് India Today റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലും എൽപിജിയും ഇറക്കുമതി ചെയ്യുന്നതിൻ്റെ പകുതിയോളം Strait of Hormuz വഴിയാണ് കടന്നുപോകുന്നത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ഊർജ്ജ വിപണികളെ പിടിച്ചുലയ്ക്കുകയും, ആഗോള എണ്ണ–വാതക വ്യാപാരത്തിൻ്റെ പ്രധാന കടലിടുക്കായ ഹോർമുസ് കടലിടുക്ക് പൂർണമായും അടയ്ക്കപ്പെടാനുള്ള സാധ്യത ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് റഷ്യയുടെ ഈ നീക്കം.
രാജ്യത്ത് ആവശ്യത്തിന് ക്രൂഡ് ഓയിലും ഇന്ധന സ്റ്റോക്കും നിലവിലുണ്ടെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഏകദേശം 25 ദിവസത്തേക്ക് മതിയാകുന്ന അസംസ്കൃത എണ്ണ സ്റ്റോക്കും, 25 ദിവസത്തേക്ക് മതിയാകുന്ന പെട്രോൾ–ഡീസൽ ഇൻവെൻ്ററികളും രാജ്യത്തുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
അതേസമയം, മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ക്രൂഡ് ഓയിൽ, എൽപിജി, എൽഎൻജി എന്നിവയുടെ ഇറക്കുമതിക്കായി ബദൽ മാർഗങ്ങൾ അന്വേഷിക്കുന്നതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ലോകത്തിലെ മൂന്നാമത്തെ വലിയ അസംസ്കൃത എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ, ശുദ്ധീകരണ ശേഷിയിൽ നാലാം സ്ഥാനത്തും പെട്രോളിയം ഉൽപ്പന്ന കയറ്റുമതിയിൽ അഞ്ചാം സ്ഥാനത്തുമാണ്. രാജ്യത്ത് ആവശ്യത്തിന് അസംസ്കൃത എണ്ണയും പെട്രോൾ, ഡീസൽ, ഏവിയേഷൻ ടർബൈൻ ഇന്ധനം (എടിഎഫ്) എന്നിവയും നിലവിലുണ്ടെന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
