തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ ഇന്ന് കലുഷിതമായി. കവാടത്തിൽ നിന്നുതന്നെ ബാനറുകളുമായി എത്തിയ പ്രതിപക്ഷ എംഎൽഎമാർ സഭ ആരംഭിച്ച ഉടനെ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പ്രതികൾ സ്വാഭാവിക ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നതിൽ ജനങ്ങൾക്ക് ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. എന്നാൽ പ്രതിപക്ഷത്തിന്റെ ശ്രമം യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണെന്നും, ഭയത്താലാണ് പ്രതിപക്ഷ നേതാവ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്നും മന്ത്രി എം.ബി. രാജേഷ് സഭയിൽ ആരോപിച്ചു.
തുടർച്ചയായി സഭ തടസപ്പെടുത്തുന്ന പ്രതിപക്ഷത്തെ സ്പീക്കർ രൂക്ഷമായി വിമർശിച്ചു. ചെയറിനെ തെരുവിലിട്ട് അലക്കുന്നതുപോലെയാണ് പ്രതിപക്ഷത്തിന്റെ പെരുമാറ്റമെന്നും, വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥരെ കൊടികെട്ടിയ വടികൊണ്ട് അടിച്ചതായും സ്പീക്കർ ആരോപിച്ചു. പ്രതിഷേധത്തെ തുടർന്ന് ചോദ്യോത്തരവേള റദ്ദാക്കുകയും ചെയ്തു.
ശബരിമല സ്വർണക്കൊള്ള കേസിലെ പ്രത്യേക അന്വേഷണസംഘത്തിന് മേൽ സമ്മർദമുണ്ടെന്ന് വി.ഡി. സതീശൻ ആവർത്തിച്ചു. “പ്രതികളെല്ലാം സ്വാഭാവിക ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയാണ്. ഇത് ജനങ്ങളിൽ ഉത്കണ്ഠയും പരിഭ്രാന്തിയും സൃഷ്ടിക്കുന്നു. വേണ്ട വിധത്തിൽ തെളിവുകൾ ശേഖരിച്ചിട്ടില്ല. പ്രതികൾ പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്,” അദ്ദേഹം സഭയിൽ പറഞ്ഞു.
അന്വേഷണം കുറ്റമറ്റ രീതിയിലാണ് നടക്കുന്നതെന്നും സത്യം പുറത്തുവരുമ്പോൾ അതിനെ മറയ്ക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും മന്ത്രി എം.ബി. രാജേഷ് മറുപടി നൽകി. പ്രതിപക്ഷം കണ്ണടച്ചാൽ ലോകം മുഴുവൻ ഇരുട്ടാകില്ലെന്നും, യഥാർത്ഥ പ്രതികളിലേക്ക് അന്വേഷണം എത്തരുതെന്നാണ് പ്രതിപക്ഷത്തിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം ആരോപിച്ചു.
കേസിലെ ഗൂഢാലോചന ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും, പാർട്ടി നേതാക്കൾ ജയിലിൽ കഴിയുമ്പോൾ കുറഞ്ഞത് മിണ്ടാതെയെങ്കിലും ഇരിക്കണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോടതിയുടെ കച്ചിതുരുമ്പിൽ പിടിച്ചുനിൽക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ പ്രമേയം സഭ പാസാക്കി. മന്ത്രി എം.ബി. രാജേഷ് അവതരിപ്പിച്ച പ്രമേയത്തിൽ 40 മുതൽ 45 ലക്ഷം വരെ കുടുംബങ്ങൾ പദ്ധതിയിൽ അംഗങ്ങളാണെന്ന് വ്യക്തമാക്കി. കേന്ദ്രപദ്ധതി നടപ്പാക്കുന്നതിനൊപ്പം സംസ്ഥാന സർക്കാർ അധിക ആനുകൂല്യങ്ങളും നൽകുന്നുണ്ട്. തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കുന്ന കുടുംബങ്ങൾക്ക് ഓണത്തിന് ഉത്സവബത്തയായി 1000 രൂപ നൽകുമെന്നും പ്രമേയത്തിൽ പറയുന്നു.
സഭയിൽ ധന വിനിയോഗ ബില്ലും പാസാക്കി. മന്ത്രി കെ.എൻ. ബാലഗോപാൽ ആണ് ബിൽ അവതരിപ്പിച്ചത്.
