തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ മുൻ കമ്മീഷണർ എൻ. വാസുവിനെതിരായ റിമാൻഡ് റിപ്പോർട്ടിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.
റിപ്പോർട്ടിൽ പ്രകാരം, വാസു സ്വർണ കവർച്ചയ്ക്ക് ഒത്താശ ചെയ്തതായും, കട്ടിളപ്പാളിയിലെ സ്വർണം കടത്തിയത് ബോർഡിന്റെ അറിവോടെയായിരുന്നുവെന്നും വ്യക്തമാക്കുന്നു.
റിപ്പോർട്ടിൽ വാസുവിന്റെ പങ്ക് അക്കമിട്ട് നിരത്തിയിട്ടുണ്ട്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനും രണ്ട് അംഗങ്ങൾക്കുമെതിരെ അന്വേഷണ കുരുക്ക് മുറുക്കുന്ന തരത്തിലുള്ള വിശദാംശങ്ങളാണ് റിപ്പോർട്ടിലുള്ളത്.
എൻ. വാസുവാണ് സ്വർണപ്പാളിയെ ചെമ്പ് എന്ന് രേഖപ്പെടുത്തിയത്. അത് ദേവസ്വം ബോർഡിന്റെ അറിവോടെയായിരുന്നുവെന്നു റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
വാസുവിന് ഗൂഢാലോചനയിൽ നേരിട്ട് പങ്കുണ്ടെന്നും സ്വർണക്കൊള്ളയ്ക്കുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തതായും റിപ്പോർട്ട് പറയുന്നു. സ്വർണം ചെമ്പ് ആയി രേഖപ്പെടുത്താൻ നിർദേശം നൽകിയത് വാസു തന്നെയാണെന്നും, സ്വർണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ എത്തിക്കുന്ന നടപടി വാസുവിന്റെ മേൽനോട്ടത്തിലായിരുന്നെന്നും രേഖ വ്യക്തമാക്കുന്നു.
സ്വർണം പൂശിയതെന്ന പരാമർശം അന്നത്തെ കമ്മീഷണറായിരുന്ന വാസു ബോധപൂർവം ഒഴിവാക്കിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സ്വർണക്കൊള്ള ഉദ്യോഗസ്ഥ തലത്തിൽ നടന്ന ഗൂഢാലോചനയാണെന്നും തങ്ങൾക്ക് അറിവില്ലെന്നുമായിരുന്നു മുൻ പ്രസിഡന്റ് പത്മകുമാറിന്റെ മൊഴി. എന്നാൽ, റിമാൻഡ് റിപ്പോർട്ട് ആ വാദം പൂർണ്ണമായും തള്ളിക്കളയുന്നു.
