പൊലീസിനെതിരായ അതിക്രമം ന്യായീകരിക്കാനാകില്ല; സമസ്ത മുഖപത്രം സുപ്രഭാതം

മലപ്പുറം: സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്എഫ്ഐ) പ്രവര്‍ത്തകര്‍ തിരുവനന്തപുരം നഗരത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതം മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അതിക്രമം യാതൊരു സാഹചര്യത്തിലും ന്യായീകരിക്കാനാവില്ലെന്നും, സേനയുടെ ആത്മവീര്യം തകര്‍ന്നാല്‍ സമൂഹം മുഴുവന്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി.

“പൂതലെടുക്കുന്ന തുല്യനീതി” എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. കൃത്യനിര്‍വഹണത്തിനിടെയുണ്ടായ നടപടിയുടെ വൈരാഗ്യത്തില്‍ പൊതുഇടത്തില്‍ വളഞ്ഞിട്ട് ഒരു പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചതിനെ അതീവ ഗൗരവകരമായ സംഭവമായി സമസ്ത വിലയിരുത്തുന്നു. മര്‍ദനത്തിനിരയായ ഉദ്യോഗസ്ഥനേതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തുകയും പ്രതികള്‍ക്കെതിരായ നടപടികള്‍ വൈകുകയും ചെയ്തതും സംഭവത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.

ഉദ്യോഗസ്ഥന്റെ മുന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഉണ്ടായാലും, അതിന്റെ പേരില്‍ പൊതുഇടത്തെ അക്രമം ന്യായീകരിക്കാന്‍ കഴിയില്ലെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. നിയമം നടപ്പാക്കേണ്ട സേനാംഗം തന്നെ നിയമലംഘനത്തിനിരയാകുന്ന സാഹചര്യം സമൂഹത്തിന് നല്‍കുന്ന സന്ദേശം ആശങ്കാജനകമാണെന്നും, ഇത് നിയമപാലനത്തിന് നേരെയുള്ള വെല്ലുവിളിയാകാമെന്നും അഭിപ്രായപ്പെട്ടു.

സംഭവത്തിന്റെ പൂര്‍ണവിവരങ്ങള്‍ പുറത്തുവരുന്നതിന് മുമ്പ് എടുത്ത നടപടികള്‍ പൊലീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനരീതിയെക്കുറിച്ചുള്ള സംശയങ്ങള്‍ ശക്തമാക്കുന്നതായും, രാഷ്ട്രീയ പ്രേരിതമായി കേസുകള്‍ എടുത്ത് പിന്നീട് ഒതുക്കുന്ന പ്രവണത തുടരുകയാണെങ്കില്‍ അത് നിയമ സംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും മുഖപ്രസംഗം വിലയിരുത്തുന്നു. ആഭ്യന്തര വകുപ്പിന് കേസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിക്കേണ്ടിവന്നത് ദുർബലതയെന്ന വിമര്‍ശനവും ഉന്നയിച്ചു.

malayalampulse

malayalampulse