കാസർകോട്: സംസ്ഥാനത്തിലെ വർധിച്ചുവരുന്ന ജനസംഖ്യയും ഭരണനിർവഹണത്തിലെ വെല്ലുവിളികളും പരിഗണിച്ച് ജില്ലകളുടെ പുനർനിർണയം അനിവാര്യമാണെന്ന് സമസ്ത ആവശ്യപ്പെട്ടു. 45 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകളിൽ ഭരണസൗകര്യം മെച്ചപ്പെടുത്തുന്നതിനും വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യുന്നതിനുമായി പുതിയ ജില്ലാരൂപീകരണം അനിവാര്യമാണെന്ന് സമസ്ത നൂറാം വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
ഉമർ ഫൈസി മുക്കം അവതരിപ്പിച്ച പ്രമേയത്തിൽ, ഭൂപ്രകൃതിയും യാത്രാക്ലേശവും കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും സമാന പ്രശ്‌നങ്ങൾ നിലനിൽക്കുന്നുവെന്ന് വ്യക്തമാക്കി. വലിയ ജില്ലകളുടെ വലിപ്പവും ജനസംഖ്യയും ഭരണനിർവഹണത്തെ ബാധിക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലകൾ പുനർനിർണയിക്കണമെന്ന് ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടിൽ 39 പാർലമെൻറ് മണ്ഡലങ്ങൾക്ക് 38 ജില്ലകൾ നിലവിലുണ്ടെന്നത് മാതൃകയാക്കാവുന്നതാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. പുതിയ ജില്ലകൾ രൂപീകരിക്കപ്പെടുന്നതിലൂടെ സിവിൽ സ്റ്റേഷനുകൾ, ആശുപത്രികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ അടുക്കുകയും പിന്നാക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് വേഗത ലഭിക്കുകയും ചെയ്യുമെന്ന് സമസ്ത അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ താൽപ്പര്യങ്ങൾക്കപ്പുറം ഭരണ-പ്രതിപക്ഷ കക്ഷികൾ ഒത്തൊരുമിച്ച് ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലകളുടെ പുനർനിർണയം യാഥാർഥ്യമാക്കാൻ മുന്നോട്ട് വരണമെന്നും സമസ്ത ആവശ്യപ്പെട്ടു.
