സന്തോഷ് ട്രോഫി ഫൈനൽ ഇന്ന്: കേരളം–സർവീസസ് പോരാട്ടം, എട്ടാം കിരീടം ലക്ഷ്യമിട്ട് കേരളം

അസം: സന്തോഷ് ട്രോഫിയിൽ എട്ടാം കിരീടം ലക്ഷ്യമിട്ട് കേരളം ഇന്ന് ഫൈനലിൽ ഇറങ്ങും. കരുത്തരായ സർവീസസാണ് കലാശ പോരാട്ടത്തിൽ കേരളത്തിന്റെ എതിരാളികൾ. അസമിലെ ധക്വാഖാന ഫുട്‌ബോൾ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് ഒന്നിന് മത്സരം നടക്കും.

കഴിഞ്ഞ സീസണിൽ റണ്ണേഴ്‌സ്-അപ്പ് ആയിരുന്ന കേരളം ഇത്തവണ കിരീടം മാത്രമാണ് ലക്ഷ്യമിടുന്നത്. അജ്‌സലിന്റെയും ക്യാപ്റ്റൻ മനോജിന്റെയും മിന്നും ഫോമിലാണ് കേരളത്തിന്റെ പ്രധാന പ്രതീക്ഷ. ഗ്രൂപ്പ് ഘട്ടത്തിൽ ഒറ്റ മത്സരത്തിൽ മാത്രമാണ് കേരളം തോൽവി ഏറ്റുവാങ്ങിയത്. അതും സർവീസസിനോടായിരുന്നു, ഒരു ഗോളിന് മാത്രം.

ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ അസമിനെ കീഴടക്കിയ കേരളം, സെമിയിൽ പഞ്ചാബിനെയും മറികടന്ന് തുടർച്ചയായി രണ്ടാം തവണയാണ് ഫൈനലിലെത്തിയത്. മറുവശത്ത്, പ്രിലിമിനറി ഘട്ടം മുതൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സർവീസസ്, ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തെയും, ക്വാർട്ടറിൽ വെസ്റ്റ് ബംഗാളിനെയും, സെമിയിൽ റെയിൽവേസിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചാണ് ഫൈനലിലേക്ക് എത്തിയത്.

ഗ്രൂപ്പ് ഘട്ടത്തിലെ തോൽവിക്ക് മറുപടി നൽകാനാണ് കേരളം ഇറങ്ങുന്നത്. അതേസമയം ആ ജയം ആവർത്തിക്കാനാണ് സർവീസസിന്റെ ലക്ഷ്യം. ഇതുവരെ ആറ് ഫൈനലുകളിൽ ഏറ്റുമുട്ടിയ ഇരു ടീമുകളും മൂന്ന് വീതം കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ ഇക്കുറിയും തീപാറുന്ന മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

malayalampulse

malayalampulse