കൊച്ചി: ട്വന്റി 20 സ്ഥാപകന്‍ സാബു എം ജേക്കബ്നെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ സോഹന്‍ സീനുലാല്‍ രംഗത്ത്. സാബു എം ജേക്കബ് ജീവിക്കുന്നത് ബി.സി നാലാം നൂറ്റാണ്ടിലെ ബിഹാറിലായിരുന്നുവെന്ന തരത്തിലുള്ള പരിഹാസ പരാമര്‍ശമാണ് സോഹന്‍ ഫേസ്ബുക്കില്‍ ഉന്നയിച്ചത്.
ഇത് 21-ാം നൂറ്റാണ്ടിലെ കേരളമാണെന്നും വിവരമുള്ള മലയാളികളെയാണ് നേരിടുന്നതെന്ന് സാബു ഓര്‍ക്കണമെന്നും സോഹന്‍ കുറിച്ചു. ഒരു സിറ്റിംഗ് എംഎല്‍എ സ്വന്തം മണ്ഡലത്തില്‍ വോട്ട് കച്ചവടം നടത്തി എതിര്‍ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കുമെന്ന വാദം വിശ്വസിക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.
2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ട്വന്റി-20 നേടിയ 42,701 വോട്ടുകള്‍ ചൂണ്ടിക്കാട്ടി, പിന്നീട് എന്‍ഡിഎയുമായി കൈകോർത്തപ്പോള്‍ തന്നെ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് ചോദ്യം ചെയ്യപ്പെട്ടുവെന്നും സോഹന്‍ ആരോപിച്ചു. ട്വന്റി-20യുടെ അണികള്‍ സിപിഐഎമ്മിലേക്കും കോണ്‍ഗ്രസിലേക്കും മാറിയത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
“എല്‍ഡിഎഫ് വോട്ട് കച്ചവടം നടത്തിയില്ലായിരുന്നെങ്കില്‍ ട്വന്റി-20 സ്ഥാനാര്‍ത്ഥി 25,000 വോട്ടിന് ജയിക്കുമായിരുന്നു” എന്ന വാദം ഉന്നയിക്കാന്‍ ധൈര്യം വേണമെന്നും, ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമമാണിതെന്നും സോഹന്‍ വിമര്‍ശിച്ചു. കേരളത്തിലെ വോട്ടര്‍മാര്‍ ഇതൊക്കെ കണ്ടു ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മെയ് 4ന് തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ ട്വന്റി-20യുടെ വോട്ട് ബാങ്ക് എവിടെയെന്ന് വ്യക്തമാകുമെന്നും, അന്ന് ഈ കണക്കുകള്‍ വീണ്ടും പരിശോധിക്കാമെന്നും സോഹന്‍ കൂട്ടിച്ചേര്‍ത്തു. ആധുനിക മലയാളിയുടെ രാഷ്ട്രീയ ബോധത്തെ ബഹുമാനിക്കണമെന്നും സാബുവിന് ഉപദേശം നല്‍കി.
