ഇനി ഓർമ്മ, ശ്രീനിവാസന് വിട നൽകി സിനിമാ–സാംസ്കാരിക ലോകം

സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി

കൊച്ചി: മലയാള സിനിമയുടെ അതുല്യ കലാകാരൻ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി. തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും സിനിമാ–സാംസ്കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായി.

“എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ” എന്ന സന്ദേശം എഴുതിയ പേപ്പറും പേനയും ഭൗതിക ശരീരത്തിൽ വെച്ചതിന് ശേഷമാണ് ചിതയ്ക്ക് തീകൊളുത്തിയത്. മകൻ വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. ചിതയിൽ തീ കൊളുത്തിയ ശേഷം ധ്യാൻ ശ്രീനിവാസൻ നിറകണ്ണുകളോടെ മുഷ്ടി ചുരുട്ടി അച്ഛനെ അഭിവാദ്യം ചെയ്തു.

മലയാളക്കരയാകെ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ചു. ടൗൺ ഹാളിലും വീട്ടിലുമായി നടന്ന പൊതുദർശനത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ആയിരങ്ങളാണ് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത്.

ഇന്നലെ രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

48 വർഷം നീണ്ട സിനിമാ ജീവിതത്തിൽ സാധാരണക്കാരന്റെ ജീവിതവും പ്രശ്നങ്ങളും നർമ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ച കലാകാരനായിരുന്നു ശ്രീനിവാസൻ. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, ടി.പി. ഗോപാലഗോപാലൻ എം.എ, സന്ദേശം, വടക്കുനോക്കിയന്ത്രം, തലയണമന്ത്രം തുടങ്ങിയ സിനിമകൾ മലയാളികൾ ഒരിക്കലും മറക്കില്ല.

അഞ്ചുതവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ശ്രീനിവാസന്‍, ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരവും ലഭിച്ചു. മലയാളിയുടെ മനസിലും സിനിമാ പ്രേമികളുടെ ഹൃദയത്തിലും ശ്രീനിവാസന് മരണമില്ല.

malayalampulse

malayalampulse