നിവേദനം നിരസിച്ചത് കൈപ്പിഴയെന്ന് സുരേഷ് ഗോപി; കലുങ്ക് സംവാദത്തെ അപകീർത്തിപ്പെടുത്താനാണു ശ്രമം

തൃശൂർ: ചേർപ്പിലെ കലുങ്ക് സൗഹൃദ സംവാദത്തിനിടെ വയോധികന്റെ അപേക്ഷ നിരസിച്ച സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. നിവേദനം നിരസിച്ചതിൽ സംഭവിച്ചത് കൈപ്പിഴ മാത്രമാണെന്നും, സംഭവം രാഷ്ട്രീയമായി വളച്ചൊടിച്ച് കലുങ്ക് സംവാദത്തിന്റെ പൊലിമ കെടുത്താനാണു ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വേലായുധന് വീട് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും, ഇനിയും വീടില്ലാത്തവർക്ക് സഹായം ലഭ്യമാക്കുമെന്നും സുരേഷ് ഗോപി ഉറപ്പുനൽകി. 14 ജില്ലകളിലും കലുങ്ക് സൗഹൃദ സദസ് സംഘടിപ്പിക്കുമെന്നും, നിവേദനങ്ങൾ ബിജെപി ജില്ലാ പ്രസിഡന്റിന് സമർപ്പിക്കണമെന്നുമാണ് നിർദ്ദേശം. “സമൂഹത്തിനായാണ് ജനപ്രതിനിധിയുടെ സ്ഥാനം, വ്യതിപരമായ ആവശ്യങ്ങൾക്കല്ല” – എന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

“സിനിമയിൽ നിന്ന് ഇറങ്ങിയിട്ടില്ലെന്ന് ആരോപണമുണ്ട്. ഇറങ്ങേണ്ട കാര്യമെന്താണ്? സിനിമയിൽ നിന്ന് ഇറങ്ങാൻ സൗകര്യമില്ല” – എന്നും അദ്ദേഹം പ്രതികരിച്ചു. കേന്ദ്ര ഫണ്ടുകൾ ഉപയോഗിച്ച് നടക്കുന്ന പദ്ധതികൾക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃശൂരിൽ കൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട, മരത്താക്കര, പുതുക്കാട് എന്നിവിടങ്ങളിലായിരുന്നു ഇന്നത്തെ കലുങ്ക് സൗഹൃദ സംവാദ പരിപാടികൾ.

സിപിഎം പ്രതികരണം

സുരേഷ് ഗോപി അപേക്ഷ നിരസിച്ച കൊച്ചു വേലായുധന് വീട് നൽകുമെന്നും സിപിഎം പ്രഖ്യാപിച്ചു. അപേക്ഷ അവഹേളിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് സിപിഎം പ്രതികരണം. സംഭവം രാഷ്ട്രീയമായി വലിയ വിവാദമായിരുന്നു.

malayalampulse

malayalampulse