നന്ദഗോവിന്ദം ഭജന്‍സിന് തുക നല്‍കിയെന്നത് പിശക്; മുഖ്യമന്ത്രിക്കായി ലക്ഷം രൂപയുടെ കട്ടില്‍ വാങ്ങിയിട്ടില്ല; നടത്തിയത് പമ്പയിലെ ഗസ്റ്റ് ഹൗസ് നവീകരണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍; വരവ്-ചെലവ് കണക്കുകള്‍ അന്തിമമായിട്ടില്ല; ഇതുവരെ ലഭിച്ച സ്‌പോണ്‍സര്‍ഷിപ്പ് തുക മൂന്ന് കോടി; വിശദീകരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട:

പമ്പാ തീരത്ത് നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ മറവിൽ വൻ ധൂർത്ത് നടന്നുവെന്ന പ്രചരണം തള്ളി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പുറത്തുവന്ന മാധ്യമ വാർത്തകൾ സത്യവിരുദ്ധമാണെന്ന് ബോർഡ് വാർത്താകുറിപ്പിൽ വ്യക്തമാക്കി.

മുഖ്യമന്ത്രിക്കായി കട്ടിൽ വാങ്ങാൻ തുക ചെലവഴിച്ചെന്ന പരാമർശം ഓഡിറ്റ് റിപ്പോർട്ടിൽ ഇല്ലെന്നും, ഭജൻ അവതരിപ്പിക്കാൻ നന്ദഗോവിന്ദം ഭജൻസ് സംഘത്തെ സമീപിച്ചെങ്കിലും അസൗകര്യം അറിയിച്ചതിനാൽ പരിപാടി നടത്താനായില്ലെന്നും ബോർഡ് വിശദീകരിച്ചു. തുടർന്ന് സംഗീതജ്ഞനായ ഇഷാന്‍ ദേവ് നയിച്ച സംഘമാണ് പരിപാടി അവതരിപ്പിച്ചത്. 25-ലധികം കലാകാരന്മാരും 10-ലധികം ടെക്‌നീഷ്യൻമാരും ഉൾപ്പെട്ട 35 അംഗ സംഘം അഞ്ച് ദിവസത്തെ താമസവും റിഹേഴ്സലും ഉൾപ്പെടുത്തി 8 ലക്ഷം രൂപ ചെലവിലാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ബോർഡ് അറിയിച്ചു.

നന്ദഗോവിന്ദം ഭജൻസ് സംഘത്തിന് തുക നൽകിയതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത് പിശകാണെന്നും, തുക ഇഷാൻ ദേവിന്റെ അക്കൗണ്ടിലേക്കാണ് പോയതെന്നും ബോർഡ് വ്യക്തമാക്കി. ഇവന്റ് മാനേജ്‌മെന്റ് ഏജൻസിയുടെ സ്റ്റേറ്റ്മെന്റിൽ ഉണ്ടായ അശ്രദ്ധ മൂലമാണ് തെറ്റിദ്ധാരണ ഉണ്ടായതെന്നും വിശദീകരിച്ചു.

ഗസ്റ്റ് ഹൗസിനായി ‘Furniture and Miscellaneous Items’ എന്ന തലക്കെട്ടിൽ 3,83,439 രൂപ വകയിരുത്തിയതിനെ തെറ്റായി വ്യാഖ്യാനിച്ചാണ് മുഖ്യമന്ത്രിക്കായി കട്ടിൽ വാങ്ങിയെന്ന വാർത്ത പ്രചരിച്ചതെന്നും ബോർഡ് ചൂണ്ടിക്കാട്ടി. പമ്പയിലെ ഗസ്റ്റ് ഹൗസ് നവീകരണത്തിന്റെ ഭാഗമായുള്ള സാധാരണ ചെലവുകളാണ് ഇതെന്നും അറിയിച്ചു.

പരിപാടി പരിമിതമായ സമയത്ത് ഏറ്റെടുത്തതാണെന്നും, തൊഴിൽ വകുപ്പിന് കീഴിലുള്ള Indian Institute of Infrastructure and Construction (IIIC) നെ ഇവന്റ് മാനേജ്‌മെന്റ് ഏജൻസിയായി നിയമിച്ചതായും ബോർഡ് വ്യക്തമാക്കി.

💰 ധനകാര്യ വിശദീകരണം

2025-26 ബഡ്ജറ്റിൽ നിന്ന് 5 കോടി രൂപ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റി. അതിൽ നിന്ന് 3 കോടി രൂപ അഡ്വാൻസായി നൽകി. ഹോട്ടൽ ചെലവുകൾക്ക് 12,76,440 രൂപയും ജിഎസ്ടിയായി 15,25,424 രൂപയും നൽകി.

സ്‌പോൺസർഷിപ്പ് തുക:

ധനലക്ഷ്മി ബാങ്ക് – 2 കോടി (ജി.എസ്.ടി ഒഴികെ) കേരള ബാങ്ക് – 1 കോടി (ജി.എസ്.ടി ഉൾപ്പെടുത്തി) അദാനി ഗ്രൂപ്പ് – 1 കോടി വാഗ്ദാനം

ലഭിച്ച 3 കോടി രൂപ ദേവസ്വം ബോർഡ് ജനറൽ ഫണ്ടിൽ നിക്ഷേപിച്ചതായും, അഡ്വാൻസായി നൽകിയ തുക തിരിച്ചുകിട്ടിയതായും ബോർഡ് അറിയിച്ചു. പ്രത്യേക അക്കൗണ്ടിൽ പലിശ ഉൾപ്പെടെ 1,74,40,912 രൂപ അവശേഷിക്കുന്നതായും വിശദീകരിച്ചു.

ഭക്ഷണ വിതരണം സംബന്ധിച്ച ആരോപണങ്ങളും ബോർഡ് തള്ളി. ശബരിമല ദർശനത്തിന് എത്തിയ ഭക്തർക്കും ദിവസവേതന തൊഴിലാളികൾക്കും ഡോളി തൊഴിലാളികൾക്കും ഉൾപ്പെടെ എത്തിയ എല്ലാവർക്കും ഭക്ഷണം നൽകിയതായും, കണക്കാക്കിയതിനേക്കാൾ ഇരട്ടിയിലധികം ആളുകൾക്ക് അന്നദാനം നടത്തിയതായും ബോർഡ് വ്യക്തമാക്കി.

കോടതി നിർദേശപ്രകാരം ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ടിവന്നതിനാൽ ചില പൊരുത്തക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നും, അവ തിരുത്തി പുതുക്കിയ റിപ്പോർട്ട് സമർപ്പിക്കുമെന്നും ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു.

ഈ മാസം 17-ന് ചേരുന്ന ബോർഡ് യോഗത്തിൽ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്ത് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും ബോർഡ് അറിയിച്ചു. ആഗോള അയ്യപ്പ സംഗമം അനാവശ്യ പരിപാടിയല്ലെന്നും, ശബരിമലയുടെ മഹത്വം ലോകമൊട്ടാകെ എത്തിക്കാനുള്ള ശ്രമമായിരുന്നുവെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

malayalampulse

malayalampulse