മലപ്പുറം: പമ്പാ തീരത്ത് നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ കോടികളുടെ കൊള്ള നടന്നുവെന്നും ഇതിൽ സർക്കാരിനും അന്നത്തെ ദേവസ്വം ബോർഡിനും വ്യക്തമായ ഉത്തരവാദിത്വമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉയർത്തിയ ചോദ്യത്തിന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ നൽകിയ കണക്കുകളും ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കുകളും തമ്മിൽ വ്യത്യാസമുണ്ടെന്ന് സതീശൻ ആരോപിച്ചു.
അഴിമതിയെ ന്യായീകരിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ആഗോള അയ്യപ്പ സംഗമത്തിന്റെ ഹോർഡിങ്ങുകളിൽ അയ്യപ്പന്റെ ചിത്രത്തേക്കാൾ മൂന്നിരട്ടി വലിപ്പത്തിലാണ് മുഖ്യമന്ത്രിയുടെ ചിത്രം പ്രദർശിപ്പിച്ചതെന്നും പരിപാടിയുടെ മുഴുവൻ ക്രെഡിറ്റും സ്വന്തമാക്കാൻ ശ്രമിച്ചവർ ഇപ്പോൾ അഴിമതി ആരോപണം ഉയർന്നപ്പോൾ കൈകഴുകി മാറുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
അയ്യപ്പന്റെ പേരിൽ നടത്തിയ തട്ടിപ്പിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, അന്തരിച്ച ആലിന്റെ അവയവദാനം സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു. ആലിന്റെ അവയവങ്ങളിലൂടെ നാലുപേരുടെ ജീവൻ രക്ഷിക്കാൻ തീരുമാനിച്ച മാതാപിതാക്കളുടെ നടപടി അഭിനന്ദനാർഹമാണെന്നും അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
