യുപിഎസ്‌സിയിൽ മകനെ ജയിപ്പിക്കാമെന്ന് വാഗ്ദാനം; ഹോട്ടൽ ഉടമയുടെ 60 ലക്ഷം നഷ്ടപ്പെട്ടു, ഒരാൾ അറസ്റ്റിൽ

മുംബൈ: മകനെ യുപിഎസ്‌സി പരീക്ഷയിൽ ജയിപ്പിക്കാമെന്ന് പറഞ്ഞ് ഹോട്ടൽ ഉടമയിൽ നിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിലായി. യാക്കൂബ് ഷെയ്ഖ് എന്നയാളാണ് പോലീസ് പിടിയിലായത്. ഇയാളുടെ കൂട്ടാളി വിജയ് ചൗധരി ഒളിവിലാണ്.

മാൽവനിൽ ഹോട്ടൽ നടത്തുന്ന ഇർഷാദ് ഖാൻ ആണ് തട്ടിപ്പിന് ഇരയായത്. ഇർഷാദിന്റെ മകൻ സദ്ദാം ഖാൻ നാലുതവണ യുപിഎസ്‌സി പരീക്ഷയിൽ പരാജയപ്പെട്ടിരുന്നു. അഞ്ചാം ശ്രമത്തിനായുള്ള ഒരുക്കത്തിനിടെയാണ് യാക്കൂബ് ഷെയ്ഖ് ഹോട്ടലിൽ പതിവായി എത്തി, കുടുംബത്തിന്റെ സാഹചര്യം മനസ്സിലാക്കി “വിജയിപ്പിക്കാമെന്ന്” ഉറപ്പുനൽകിയത്.

ഇത് വിശ്വസിച്ച ഇർഷാദ്, പലതവണയായി 60 ലക്ഷം രൂപ കൈമാറി. എന്നാൽ, അഞ്ചാം ശ്രമത്തിലും മകൻ പരാജയപ്പെട്ടതോടെ താൻ വഞ്ചിക്കപ്പെട്ടുവെന്ന കാര്യം ഇർഷാദ് തിരിച്ചറിഞ്ഞു.

പിന്നീട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങി. യാക്കൂബ് ഷെയ്ഖിനെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ വിട്ടു. കൂട്ടാളിയായ വിജയ് ചൗധരിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് മാൽവൻ പോലീസ് അറിയിച്ചു.

malayalampulse

malayalampulse