മുസ്ലിം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതി; കേരളത്തിൽ മതരാഷ്ട്രം സ്ഥാപിക്കുക ലക്ഷ്യം – വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: വീണ്ടും വിവാദ പ്രസ്താവനയുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. “മുസ്ലിം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതിയാണ്. കേരളത്തിൽ മുസ്ലിം മതനിഷ്ഠമായ ഭരണമാണ് അവരുടെ ലക്ഷ്യം. ഇസ്ലാമിക നിയമം നടപ്പാക്കാനാണ് അവർക്കുള്ള ആഗ്രഹം,” എന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്.

മലപ്പുറം ജില്ല ആരുടെയും സ്വകാര്യമല്ലെന്ന് താൻ പറഞ്ഞത് മതവിരോധിയായി ചിത്രീകരിക്കാൻ ലീഗും അതിന്റെ അനുബന്ധ സംഘടനകളും ശ്രമിച്ചുവെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. “മലപ്പുറത്ത് ഒരു കുട്ടിപ്പള്ളിക്കൂടം പോലും യാചിച്ചിട്ടു അവരൊന്നും തന്നില്ല. ലീഗും അവരുടെ പോഷകസംഘടനകളും ചേർന്ന് തന്നെ വേട്ടയാടിയതാണ്,” എന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം സംഘടനകളെ ചോദ്യം ചെയ്യുന്നവരെ അടിച്ചിരുത്തുന്ന രീതിയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും, അതിന് പിന്നിൽ മതരാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

തന്റെ അഭിപ്രായസ്വാതന്ത്ര്യത്തെ പോലും ലീഗ് ചോദ്യം ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. “മുസ്ലിം സംഘടനകളുടെ ചോദ്യം ചെയ്യപ്പെടാത്ത ആധിപത്യത്തിന് പിന്നിലെ പ്രധാന ലക്ഷ്യം കേരളത്തിൽ മതരാഷ്ട്രം സ്ഥാപിക്കുക തന്നെയാണ്,” എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

കോൺഗ്രസിന്റെ നിലവിലെ അവസ്ഥയെയും അദ്ദേഹം വിമർശിച്ചു. “ഒരു കാലത്ത് ജനങ്ങളെ വളർത്തിയ കോൺഗ്രസ് ഇന്ന് അപ്രസക്തമായി മാറിയിരിക്കുന്നു. ആര്‍ ശങ്കർ പോലുള്ള മഹാന്മാർ നയിച്ച പാർട്ടിയാണ് ഇത്. ഇന്ന് ലീഗിന്റെ ലക്ഷ്മണ രേഖ മറികടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്,” വെള്ളാപ്പള്ളി പറഞ്ഞു.

രാഷ്ട്രീയ രംഗത്ത് ഈഴവർക്കെതിരെ വിവേചനമുണ്ടെന്നും, “ഈഴവർ ആരായാലും വളരാൻ അനുവദിക്കില്ല. വിഎസ് അച്യുതാനന്ദനെയും ഗൗരിയമ്മയെയും പിണറായി വിജയനെയും ജാതി പറഞ്ഞ് ആക്ഷേപിച്ചു. എന്നാൽ മറ്റ് സമുദായക്കാർക്കെതിരെ ആരും ഒന്നും പറയുന്നില്ല,” എന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

ദേവസ്വം മന്ത്രി വാസവന്റെ രാജിയാവശ്യപ്പെട്ടവരെ വിമർശിച്ച വെള്ളാപ്പള്ളി, “അവർ ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണ്? ഈഴവർ രാജ്യം ഭരിക്കരുത് എന്നതാണ് ഇവരുടെ മനോഭാവം,” എന്നും ആരോപിച്ചു.

പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകും എന്നും, “വിജയൻ എന്നാൽ വിജയിക്കാനായി ജനിച്ചവൻ തന്നെയാണ്,” എന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

malayalampulse

malayalampulse