മുംബൈ: ആരാധകർ ‘വിരുഷ്‍ക’ എന്ന് സ്നേഹത്തോടെ വിളിക്കുന്ന സെലിബ്രിറ്റി ദമ്പതികളായ വിരാട് കോഹ്‍ലിയും അനുഷ്‍ക ശർമയും വീണ്ടും വാർത്തകളിൽ. മുംബൈയ്ക്ക് സമീപം അലിബാഗിൽ അഞ്ച് ഏക്കറിലേറെ വിസ്തൃതിയുള്ള ആഡംബര ഫാംഹൗസ് ദമ്പതികൾ സ്വന്തമാക്കി. 37.86 കോടി രൂപയാണ് പുതിയ പ്രോപ്പർട്ടിയുടെ വില.
2026 ജനുവരി 13നായിരുന്നു ഭൂമിയുടെ രജിസ്ട്രേഷൻ പൂർത്തിയായത്. റായ്ഗഡ് ജില്ലയിലെ മനോഹരമായ ആവാസ് ബീച്ചിന് സമീപമാണ് വിരുഷ്‍ക ദമ്പതികളുടെ പുതിയ നിക്ഷേപം. സ്വകാര്യതയും പ്രകൃതിസൗന്ദര്യവും ഒരുപോലെ ലഭിക്കുന്ന പ്രദേശമായതിനാൽ സെലിബ്രിറ്റികൾക്കിടയിൽ അലിബാഗ് ഏറെ പ്രിയപ്പെട്ട കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്.
നാലുവർഷത്തിനിടെ അലിബാഗിൽ കോഹ്‍ലിയും അനുഷ്‍കയും നടത്തുന്ന രണ്ടാമത്തെ വലിയ നിക്ഷേപമാണിത്. ഇതിനുമുമ്പ് 34 കോടി രൂപ വിലമതിക്കുന്ന ആഡംബര വില്ലയും ഇവർക്കുണ്ട്. പ്രീമിയം ഇന്റീരിയർ ഡിസൈൻ, ലാൻഡ്‌സ്‌കേപ്പ് ചെയ്ത പൂന്തോട്ടങ്ങൾ, സ്വകാര്യ നീന്തൽക്കുളം തുടങ്ങിയ സൗകര്യങ്ങളാണ് ആ വില്ലയിൽ ഒരുക്കിയിരിക്കുന്നത്.
അലിബാഗിന് പുറമെ മുംബൈയിലും ഗുരുഗ്രാമിലും ദമ്പതികൾക്ക് ആഡംബര വസതികളുണ്ട്. മക്കളായ വാമികയുടെയും അകായുടെയും സ്വകാര്യതയ്ക്ക് മുൻഗണന നൽകുന്നതിനായി അനുഷ്‍കയും കോഹ്‍ലിയും അടുത്തിടെ ലണ്ടനിലേക്ക് താമസം മാറ്റിയിരുന്നു.
സെലിബ്രിറ്റികളിൽ ആഡംബര പ്രോപ്പർട്ടി നിക്ഷേപങ്ങളോടുള്ള താൽപര്യം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, വിരുഷ്‍ക ദമ്പതികളുടെ പുതിയ നീക്കം വലിയ ശ്രദ്ധ നേടുകയാണ്.
