തൃശൂർ: പൊലീസിന്റെ അതിക്രൂര മർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് കുന്നംകുളം ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന് വിവാഹസമ്മാനമായി സ്വർണമാല നൽകി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. 15നാണ് സുജിത്തിന്റെ വിവാഹം നടക്കുന്നത്.
കോൺഗ്രസിന്റെ നേതൃത്വത്തിൽ കുന്നംകുളം പൊലീസ് സ്റ്റേഷനു മുന്നിൽ നടന്ന പ്രതിഷേധ സദസിലാണ് സമ്മാനം പ്രഖ്യാപിച്ചത്. Kpcc പ്രസിഡന്റ് സണ്ണി ജോസഫ് ന്റെ നിർദ്ദേശ പ്രകാരമാണ് മാല കൈമാറുന്നതെന്ന് ടി.എൻ. പ്രതാപൻ വേദിയിൽ പ്രഖ്യാപനം നടത്തി.
പ്രസംഗത്തിനിടെ കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ പ്രഖ്യാപിച്ചതോടെ വേദിയിലുണ്ടായിരുന്ന സുജിത്തിന് ടാജറ്റ് ഉടൻ തന്നെ മാല അണിയിച്ചു. പ്രതിഷേധ വേദിയിൽ പങ്കെടുത്തവർ വൻ കൈയടികളോടെ നടപടി സ്വീകരിച്ചു.
കഴിഞ്ഞ ദിവസം സുജിത്തിന്റെ വീട്ടിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സുജിത്തിന് സ്വർണമോതിരം സമ്മാനമായി നൽകി. നിയമപോരാട്ടത്തിൽ സുജിത്തിനൊപ്പം നിന്ന വർഗീസ് ചൊവ്വന്നൂരിന് ഡിസിസി എക്സിക്യൂട്ടീവ് അംഗത്വം നൽകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് യോഗത്തിൽ പ്രഖ്യാപിച്ചു.
2023ലെ ക്രൂരമർദനത്തിന്റെ പശ്ചാത്തലം
2023 ഏപ്രിൽ 5-നാണ് സുജിത്ത് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മർദനത്തിനിരയായത്. 3 യുവാക്കളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച പൊലീസിനെ ചോദ്യം ചെയ്തതിനാലാണ് സുജിത്തിനെ കസ്റ്റഡിയിലെടുത്ത് മർദിച്ചത്.
എസ്ഐ നുഹ്മാൻ, സീനിയർ സിപിഒ ശശിധരൻ, സിപിഒമാരായ സജീവൻ, സന്ദീപ് എന്നിവരാണ് മർദനത്തിന് ഉത്തരവാദികളെന്ന് പിന്നീട് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ തെളിയിച്ചു.
നടപടികൾ
മർദനദൃശ്യങ്ങൾ പുറത്തുവന്നതോടെ നാലു പൊലീസുകാരെയും ഐജി സസ്പെൻഡ് ചെയ്തു. നേരത്തെ ഇവർക്കെതിരെ എടുത്ത സ്ഥലംമാറ്റം, ഇൻക്രിമെന്റ് തടയൽ തുടങ്ങിയ വകുപ്പുതല ശിക്ഷാനടപടികൾ പുനഃപരിശോധിക്കണമെന്നും ഐജിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.
കേസിൽ ആരോപണവിധേയനായ പോലീസ് ഡ്രൈവർ സുഹൈർ നിലവിൽ തദ്ദേശവകുപ്പിൽ ജോലിചെയ്യുന്നതിനാൽ വകുപ്പുതല നടപടി സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല.
