തിരുവനന്തപുരം: നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് വൈകുന്നേരം കേരളത്തിലെത്തി. വൈകീട്ട് 6.20ഓടെയാണ് രാഷ്ട്രപതി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഇന്നത്തെ രാത്രി രാജ്ഭവനിലായിരിക്കും രാഷ്ട്രപതിയുടെ താമസം.
ബുധനാഴ്ച രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക് പറന്നെത്തിയ ശേഷം റോഡ് മാര്‍ഗം പമ്പയിലേക്കും തുടര്‍ന്ന് പ്രത്യേക വാഹനത്തില്‍ ശബരിമല സന്നിധാനത്തേക്കും പോകും. ദര്‍ശനാനന്തരം രാത്രി തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തും.
ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ ആര്‍ലേക്കര്‍ രാഷ്ട്രപതിക്കായി ഒരുക്കുന്ന അത്താഴ വിരുന്നില്‍ രാഷ്ട്രപതി പങ്കെടുക്കും.
വ്യാഴാഴ്ച (23ന്) രാവിലെ 10.30ന് രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. ഉച്ചയ്ക്ക് 12.50ന് ശിവഗിരിയില്‍ ശ്രീനാരായണ ഗുരുമഹാസമാധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയും പിന്നീട് പാലാ സെന്‍റ് തോമസ് കോളേജിലെ പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കുകയും ചെയ്യും. അന്ന് കുമരകത്തിലാണ് രാഷ്ട്രപതിയുടെ താമസം.
വെള്ളിയാഴ്ച (24ന്) എറണാകുളം സെന്‍റ് തെരേസാസ് കോളേജിലെ ചടങ്ങില്‍ പങ്കെടുത്തശേഷം രാഷ്ട്രപതി ഡല്‍ഹിയിലേക്ക് മടങ്ങും.
