ആലപ്പുഴ: റിപ്പോര്‍ട്ടര്‍ ചാനല്‍ മാധ്യമപ്രവര്‍ത്തകനോട് ക്ഷുഭിതനായി അമ്പലപ്പുഴ നിയുക്ത എംഎല്‍എ ജി സുധാകരനും ഭാര്യയും നടത്തിയ പ്രതികരണം വിവാദമായി. മുന്‍ എംഎല്‍എ യു പ്രതിഭ ഉയര്‍ത്തിയ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെയായിരുന്നു ഇരുവരുടെയും കടുത്ത പ്രതികരണം.
“തേര്‍ഡ് റേറ്റ് ചോദ്യങ്ങള്‍ ചോദിക്കരുത്” എന്നായിരുന്നു ജി സുധാകരന്റെ ആദ്യ പ്രതികരണം. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകനെതിരെ കൂടുതല്‍ രൂക്ഷമായ പരാമര്‍ശങ്ങളും അദ്ദേഹം നടത്തി.
“ആവശ്യമില്ലാത്ത പേര് പറയരുത്. നിങ്ങള്‍ എന്തൊക്കെ ചോദിക്കുമെന്ന് എനിക്ക് അറിയാം. അത് കയ്യില്‍ വെച്ചാല്‍ മതി. അനാവശ്യ കാര്യങ്ങള്‍ ചോദിക്കരുത്. അവരില്‍ നിന്ന് അച്ചാരം വാങ്ങിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ കയ്യില്‍ വെച്ചാല്‍ മതി. പിന്നെയും പിന്നെയും ചോദ്യങ്ങള്‍ ചോദിക്കുന്നു. നിങ്ങള്‍ക്ക് ചോദിക്കാന്‍ തോന്നുന്നതെല്ലാം ചോദിക്കേണ്ട ആളല്ല ഞാന്‍,” എന്നാണ് ജി സുധാകരന്‍ പറഞ്ഞത്.
ഇതിനിടെ ജി സുധാകരന്റെ ഭാര്യയും മാധ്യമപ്രവര്‍ത്തകനെതിരെ പ്രതികരിച്ചു. “മനീഷ് മഹിപാല്‍ അധികം വേണ്ട, എന്റെ സ്റ്റുഡന്റായിരുന്നു, തേര്‍ഡ് റേറ്റ്,” എന്നായിരുന്നു അവരുടെ പരാമര്‍ശം. പിന്നാലെ “തേര്‍ഡ് റേറ്റിനും താഴെ” എന്നുവിളിച്ച് ജി സുധാകരനും വീണ്ടും മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ചു.
അതേസമയം, ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപവുമായി ബന്ധപ്പെട്ട വിവാദത്തിലും ജി സുധാകരന്‍ പ്രതികരിച്ചു. രക്തസാക്ഷി മണ്ഡപം സിപിഐഎമ്മിന്റെ സ്വകാര്യ സ്വത്തല്ലെന്നും ആര്‍ക്കും അവിടെ പുഷ്പാര്‍ച്ചന നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകരോട് പൊതുപ്രവര്‍ത്തകര്‍ സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് ജി സുധാകരന്റെയും ഭാര്യയുടെയും പരാമര്‍ശങ്ങള്‍ പുതിയ വിവാദത്തിന് വഴി തുറന്നിരിക്കുന്നത്.
