ആലപ്പുഴ: വ്യാജ കവിതയുടെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ ക്രൂരമായ പ്രചാരണങ്ങള്‍ നടക്കുന്നതായി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന് ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് താന്‍ അയച്ചതെന്ന പേരില്‍ അശ്ലീല സ്വഭാവമുള്ള കവിത പ്രചരിപ്പിക്കുകയാണെന്ന് ജി സുധാകരന് പറഞ്ഞു.
ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്താണ് ജി സുധാകരന് സൈബര്‍ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചത്.
തന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് ക്രിമിനല്‍ സ്വഭാവമുള്ള പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
“ഇത്തരം പ്രചാരണങ്ങള്‍ മനപ്പൂര്‍വ്വം അപമാനിക്കാന്‍ ലക്ഷ്യമിട്ടാണ്. ഗുരുതരമായ സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. സൈബര്‍ പോലീസ് ഇത് ശ്രദ്ധിച്ചാല്‍ നന്നായിരിക്കും,” – ജി സുധാകരന് കുറിപ്പില്‍ പറഞ്ഞു.
ജി സുധാകരന്റെ പോസ്റ്റ് പൂര്‍ണരൂപം:
മുന്നറിയിപ്പ്:
ജാഗ്രത !
‘സ. പിണറായി വിജയന് ജി സുധാകരന് അയച്ച കവിത വൈറലാകുന്നു’ എന്നു പറഞ്ഞ് ഇപ്പോള്‍ ഒരു അസഭ്യ കവിത താഴെയുള്ള എന്റെ പടത്തോടുകൂടി കോഴിക്കോട്ടുള്ള ഒരു സുഹൃത്ത് ശ്രീ ബാബു ചെറിയാന് അവരുടെ ഗ്രൂപ്പില്‍ വന്നതായി അയച്ചുതന്നു.
കുറച്ചുനാളായി എന്റെ പടത്തോടുകൂടി ക്രിമിനല്‍ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ സര്‍ക്കുലേറ്റ് ചെയ്യുന്നു. ഇത് മനപ്പൂര്‍വ്വം എന്നെ അപമാനിക്കാന്‍ വേണ്ടിയാണ്.
സൈബര്‍ പോലീസ് ഇത് ശ്രദ്ധിച്ചാല്‍ കൊള്ളാം. ഗുരുതരമായ സൈബര്‍ കുറ്റമാണിത്.
