തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2017-ല്‍ നടത്തിയ ആദ്യഘട്ട മെഡിക്കല്‍ പരിശോധനയുടെയും ഫീല്‍ഡ് തല പരിശോധനയുടെയും അടിസ്ഥാനത്തില്‍ പ്രാഥമിക ലിസ്റ്റില്‍ ഉള്‍പ്പെട്ടതും പിന്നീട് അന്തിമ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടതുമായ 1031 പേരില്‍ അര്‍ഹരായവര്‍ക്കാണ് ധനസഹായം നല്‍കുക. ഇതിനുള്ള അനുമതി ജില്ലാ കലക്ടര്‍ക്ക് നല്‍കി.
അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി പ്രകാരമുള്ള ഭൂരഹിത-ഭവനരഹിത പട്ടികയില്‍പ്പെട്ട ആലപ്പുഴ ജില്ലയിലെ 50 അതിദരിദ്ര കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റ് അനുവദിക്കും. ‘പുനര്‍ഗേഹം’ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ പുറക്കാട് മണ്ണുംപുറത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവരുന്ന ഫിഷറീസ് വകുപ്പിന്റെ ഫ്‌ളാറ്റ് സമുച്ചയത്തിലാണ് വീടുകള്‍ നല്‍കുക. പദ്ധതി പ്രകാരം നിര്‍മ്മിച്ചതില്‍ അധികമുള്ള 50 ഫ്‌ളാറ്റുകളാണ് വിനിയോഗിക്കുന്നത്.
കേരള സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് പതിനൊന്നാമത് ശമ്പള പരിഷ്‌കരണം 2019 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും. പത്താം ശമ്പള പരിഷ്‌കരണ ഉത്തരവിന്റെ ഫലമായി ഉണ്ടായ അനോമലി പരിഹരിച്ച് റേഷ്യോ പ്രൊമോഷന്‍ അനുവദിക്കും. ശമ്പള പരിഷ്‌കരണത്തിലെ ഇപിഎഫ് എംപ്ലോയര്‍ വിഹിതം അടവാക്കല്‍ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതുവരെ നിലവിലെ സ്ഥിതി തുടരുമെന്നും മന്ത്രിസഭ തീരുമാനിച്ചു.
എല്‍ബിഎസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെയും കീഴിലുള്ള സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കും വ്യവസ്ഥകളോടെ പതിനൊന്നാം ശമ്പള പരിഷ്‌കരണം നടപ്പിലാക്കും.
കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന് ₹26,58,53,104 രൂപയുടെ പ്രൊപ്പോസല്‍ കിഫ്ബി ഫണ്ടിംഗിന് പരിഗണിക്കാന്‍ അനുമതി നല്‍കി.
