സന്നിധാനത്ത് മണ്ഡലപൂജ പൂർത്തിയായി; മണ്ഡലകാല തീർത്ഥാടനത്തിന് സമാപനം

ശബരിമല: ഈ വർഷത്തെ മണ്ഡലകാല തീർത്ഥാടനത്തിന് സന്നിധാനത്ത് സമാപനം. തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ശബരിമലയിൽ ഭക്തിപൂർവ്വം പൂർത്തിയായി. മകരവിളക്ക് മഹോത്സവത്തിനായി ഈ മാസം 30-ാം തീയതി വൈകിട്ട് നട വീണ്ടും തുറക്കും.

നാല്പത്തിയൊന്നു ദിവസം നീണ്ടു നിന്ന വ്രതാനുഷ്ഠാനങ്ങൾക്ക് പൂർണത കൈവരിച്ച്, ലക്ഷക്കണക്കിന് ഭക്തർക്ക് ദർശന പുണ്യമേകിയാണ് മണ്ഡലകാല തീർത്ഥാടനം സമാപിച്ചത്.

തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെയും മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയുടെയും നേതൃത്വത്തിൽ രാവിലെ 10.10നും 11.30നും ഇടയിൽ അയ്യപ്പന് തങ്ക അങ്കി ചാർത്തി മണ്ഡലപൂജ നടന്നു.

മണ്ഡലപൂജയുടെ ദർശന പുണ്യവുമായി ആയിരക്കണക്കിന് ഭക്തർ മലയിറങ്ങി.

വൈകിട്ട് ദീപാരാധന വരെ ഭക്തർക്ക് തങ്ക അങ്കി വിഭൂഷിതനായ അയ്യപ്പനെ ദർശിക്കാം.

രാത്രി അത്താഴപൂജയ്ക്ക് ശേഷം അയ്യപ്പനെ യോഗനിദ്രയിലാക്കി, യോഗദണ്ഡും ജപമാലയും ചാർത്തി, ഭസ്മാഭിഷിക്തനാക്കി ഹരിവരാസനം പാടി നട അടയ്ക്കും.

മകരവിളക്ക് മഹോത്സവത്തിനായി 30-ാം തീയതി വൈകിട്ട് വീണ്ടും നട തുറക്കും.

malayalampulse

malayalampulse