മലപ്പുറം : പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പിന്തുണ പ്രഖ്യാപിച്ച് പി.വി. അൻവർ. പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി വൈരാഗ്യ ബുദ്ധിയോടെയാണ് നീങ്ങുന്നതെന്ന് അൻവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. ഇത് ജനം വിലയിരുത്തുമെന്നും, അതിന്റെ തിരിച്ചടി വരുന്ന തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും അൻവർ പറഞ്ഞു.
പ്രതിപക്ഷ നേതാവിനും പ്രതിപക്ഷത്തിനുമെതിരെയുള്ള ഏത് ആക്രമണത്തെയും നേരിടാൻ താനും തന്റെ പാർട്ടിയും തയ്യാറാണെന്ന് പി.വി. അൻവർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. മുഖ്യമന്ത്രി പ്രതിസന്ധിയിലാകുമ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികൾക്കെതിരെ കേസുകളും അന്വേഷണങ്ങളും ആരോപണങ്ങളും ഉയരുന്നതാണ് പതിവെന്നും അൻവർ ആരോപിച്ചു.
ഇക്കാര്യം ഏറ്റവും നന്നായി അറിയുന്നവരിൽ മുൻപന്തിയിലാണ് താനെന്നും, ഇടതുമുന്നണി വിട്ടതിന് ശേഷം സംസ്ഥാനത്ത് ഉടനീളം തനിക്കെതിരെ ബോധപൂർവം കേസുകൾ രജിസ്റ്റർ ചെയ്തതായും അൻവർ ചൂണ്ടിക്കാട്ടി.
“രാജാവ് പ്രതിസന്ധിയിലാകുമ്പോൾ അതിർത്തിയിൽ യുദ്ധങ്ങൾ ഉണ്ടാകുന്നതുപോലെ, ഈ സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ പ്രതിപക്ഷത്തിനെതിരെ വാർത്തകളും കേസുകളും ആരോപണങ്ങളും വർധിക്കും,” എന്നും അൻവർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഇത്തരം നീക്കങ്ങൾ കേരളത്തിലെ വിവേകമുള്ള സമൂഹം തിരിച്ചറിയുമെന്നും, പ്രതിപക്ഷത്തിനെതിരായ ഇത്തരം രാഷ്ട്രീയ ആക്രമണങ്ങളെ ജനങ്ങൾ ശരിയായ രീതിയിൽ വിലയിരുത്തുമെന്നും അൻവർ അഭിപ്രായപ്പെട്ടു.
