റെക്കോർഡ് വിൽപ്പന; പാലക്കാട് മുന്നിൽ
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്തുമസ്–ന്യൂ ഇയർ ബമ്പർ നറുക്കെടുപ്പിൽ 20 കോടി രൂപയുടെ ഒന്നാം സമ്മാനം XC138455 നമ്പർ ടിക്കറ്റിന് ലഭിച്ചു. കോട്ടയം ജില്ലയിലെ ഏജന്റ് സുദീക്ക് എ. വിറ്റ ടിക്കറ്റിനാണ് മഹാസമ്മാനം. ഇതേ നമ്പറിലുള്ള മറ്റ് ഒൻപത് പരമ്പരകൾക്ക് ഓരോന്നിന് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും.
ഇരുപത് കോടി രൂപ ഒന്നാം സമ്മാനമായി പ്രഖ്യാപിച്ച ബമ്പറിന് വൻ ജനപ്രീതിയാണ് ലഭിച്ചത്. ഇത്തവണ 54,08,880 ടിക്കറ്റുകളുടെ റെക്കോർഡ് വിൽപ്പനയാണ് നടന്നത്. കഴിഞ്ഞ വർഷം ക്രിസ്തുമസ്–ന്യൂ ഇയർ ബമ്പറിൽ 47,65,650 ടിക്കറ്റുകളാണ് വിറ്റത്.
ജില്ലകളിൽ ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് പാലക്കാട് ജില്ലയിലാണ്—13,09,300 ടിക്കറ്റുകൾ. രണ്ടാം സ്ഥാനത്ത് തൃശൂർ (5,91,100)യും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം (5,55,920)യും എത്തി.
സമ്മാന ഘടന പ്രകാരം,
ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം 20 പേർക്ക് മൂന്നാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേർക്ക് നാലാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം 20 പേർക്ക് അഞ്ചാം സമ്മാനം
ഇതിന് പുറമെ 5000, 2000, 1000, 500, 400 രൂപ വീതമുള്ള സമ്മാനങ്ങൾ ഉൾപ്പെടെ ആകെ 6,21,990 സമ്മാനങ്ങളാണ് വിജയികൾക്ക് ലഭിക്കുക.
ക്രിസ്തുമസ്–ന്യൂ ഇയർ ബമ്പർ നറുക്കെടുപ്പിന് സംസ്ഥാന ഭാഗ്യക്കുറി ഡെപ്യൂട്ടി ഡയറക്ടർ അജി ജയകുമാർ നേതൃത്വം നൽകി.
