ഇടിത്തീയായി വിലക്കയറ്റം; കമ്പിക്കും സിമന്റിനും പൊള്ളുന്ന വില, പ്രതിസന്ധിയിലേക്ക് നിർമാണമേഖല

കോഴിക്കോട്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെ കേരളത്തിലെ നിർമാണമേഖലയെ ബാധിച്ച് നിർമാണ സാമഗ്രികളുടെ വില കുത്തനെ ഉയരുന്നു. കമ്പി, സിമന്റ്, എം സാൻഡ്, പി സാൻഡ്, മെറ്റൽ, വെട്ടുകല്ല് എന്നിവയ്ക്ക് കഴിഞ്ഞ ഏതാനും ആഴ്ചകളായി പത്ത് ശതമാനത്തോളം വരെ വർധന രേഖപ്പെടുത്തിയതോടെ ചെറുകിട നിർമാണ പ്രവർത്തനങ്ങൾ ഉൾപ്പെടെ പ്രതിസന്ധിയിലായിരിക്കുകയാണ്.

ഒരു മാസം മുമ്പ് വരെ 270 മുതൽ 280 രൂപ വരെ ഉണ്ടായിരുന്ന സിമന്റിന്റെ ഹോൾസെയിൽ വില ഇപ്പോൾ 305 മുതൽ 320 രൂപ വരെയായി. ഇതോടെ റീട്ടെയിൽ വിപണിയിൽ ഒരു ചാക്ക് സിമന്റിന് 330 മുതൽ 360 രൂപ വരെയാണ് ഈടാക്കുന്നത്. ശരാശരി 30 രൂപയോളം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എം സാൻഡിന്റെ വില ഫൂട്ടിന് 40-45 രൂപയിൽ നിന്ന് 55-60 രൂപയായി ഉയർന്നു. പി സാൻഡിനും 55 രൂപയിൽ നിന്ന് 64 രൂപയിലേക്ക് വില കയറി. മെറ്റലിന് പത്തു രൂപയോളം വർധിച്ചതോടെ നിർമാണ ചെലവ് കൂടുതൽ ഉയർന്നു. മുറ്റം കട്ട വിരിക്കാനുപയോഗിക്കുന്ന ബേബി ചില്ലിയുടെ വിലയും കുത്തനെ വർധിച്ചിട്ടുണ്ട്.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ ആഗോള വിപണി അനിശ്ചിതത്വമാണ് കമ്പിവില കുതിച്ചുയരാൻ പ്രധാന കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. യുദ്ധത്തിന് മുമ്പ് 56 മുതൽ 66 രൂപ വരെയുണ്ടായിരുന്ന കമ്പിവില ഇപ്പോൾ 68 മുതൽ 77 രൂപ വരെയായി. ടാറ്റ, വൈശാഖ്, ജെ.എസ്.ഡബ്ല്യു പോലുള്ള പ്രീമിയം ബ്രാൻഡുകൾക്ക് കിലോയ്ക്ക് 85 രൂപയ്ക്കും മുകളിലാണ് വില.

വെട്ടുകല്ലിന്റെ വിലയും ഉയർന്നു. കണ്ണൂർ, കാസർകോട് മേഖലകളിൽ നിന്ന് മലബാറിലേക്കെത്തുന്ന വെട്ടുകല്ലിന് ഒന്നരമാസം മുമ്പ് 56-58 രൂപയുണ്ടായിരുന്നത് ഇപ്പോൾ 63-65 രൂപയായി. ഇന്ധനവിലയും ഗതാഗതച്ചെലവും ഉയർന്നതും വിലക്കയറ്റത്തിന് കാരണമായതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

വിലക്കയറ്റം തുടർന്നാൽ വീടു നിർമാണവും ചെറുകിട നിർമാണ പദ്ധതികളും മന്ദഗതിയിലാകുമെന്ന ആശങ്കയിലാണ് നിർമാണ മേഖല. സർക്കാർ ഇടപെട്ട് വിപണി നിയന്ത്രിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ശക്തമാകുകയാണ്.

malayalampulse

malayalampulse