എടപ്പാള്‍: വരാനിരിക്കുന്നത് യുഡിഎഫിന്റെ കൊടുങ്കാറ്റാണെന്നും സിപിഐഎമ്മിന്റെ അടിവേരിളകുന്ന കാലമാണ് മുന്നിലെന്നും കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ പറഞ്ഞു. സിപിഐഎം കോട്ടകള്‍ തകര്‍ത്തുകൊണ്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വിജയം ഒരു മന്ദമാരുതം മാത്രമായിരുന്നുവെങ്കില്‍, ഇനി വരാനിരിക്കുന്നത് ശക്തമായ കൊടുങ്കാറ്റാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വട്ടംകുളം മണ്ഡലം കോണ്‍ഗ്രസ് പൊതുസമ്മേളനവും യുഡിഎഫ് ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സര്‍ക്കാരിന്റെ ഭരണത്തിന് അന്ത്യം കുറിക്കുമെന്നും കേരളത്തില്‍ സിപിഐഎമ്മിന്റെ രാഷ്ട്രീയ അടിത്തറ തകര്‍ന്നുതുടങ്ങുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് എന്‍.വി. അഷറഫ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മൂതൂര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ. നജീബ്, എന്നിവര്‍ സംസാരിച്ചു.
