തിരുവനന്തപുരം:
സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരില്‍ പാര്‍ട്ടി ഫണ്ട് കൈക്കലാക്കിയെന്ന ഗുരുതര ആരോപണങ്ങളുമായി ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണന്‍. പയ്യന്നൂരില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ധന്‍രാജിന്റെ പേരില്‍ ശേഖരിച്ച രക്തസാക്ഷി ഫണ്ടില്‍ വന്‍തോതില്‍ ക്രമക്കേട് നടന്നുവെന്നതാണ് ആരോപണം.
ധന്‍രാജ് രക്തസാക്ഷി ഫണ്ടിനായി ഏകദേശം ഒരു കോടി രൂപ പിരിച്ചെടുത്തതില്‍ നിന്ന് 46 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് വി. കുഞ്ഞികൃഷ്ണന്‍ ആരോപിക്കുന്നത്. പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനനും അദ്ദേഹവുമായി ബന്ധപ്പെട്ട സംഘവുമാണ് ഫണ്ട് തട്ടിയെടുത്തതെന്നാണ് ആരോപണം. ഏഷ്യാനെറ്റ് ന്യൂസില്‍ വിനു വി ജോണിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയത്.
2016 ജൂലായ് 11നാണ് ധന്‍രാജ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് കുടുംബത്തിന് സാമ്പത്തിക സഹായം, വീട് നിര്‍മാണം, കേസ് നടത്തിപ്പ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പാര്‍ട്ടി ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചതായും വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. 2017 ഡിസംബര്‍ 8,9 തീയതികളില്‍ നടന്ന ഏരിയ സമ്മേളനത്തില്‍ വരവ്-ചിലവ് കണക്കുകള്‍ അവതരിപ്പിച്ചെങ്കിലും പിന്നീട് വര്‍ഷങ്ങളോളം കണക്കുകള്‍ പുറത്തുവന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
2020ല്‍ ഏരിയ സെക്രട്ടറി സ്ഥാനത്തെത്തിയതിന് ശേഷം 2021ല്‍ കണക്ക് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നും, സമ്മേളനത്തിന് തൊട്ടുമുമ്പ് മാത്രമാണ് കണക്കുകള്‍ ഹാജരാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഓഡിറ്റ് നടത്തിയപ്പോള്‍ അസാധാരണമായ ചിലവുകളും ക്രമക്കേടുകളും കണ്ടെത്തിയതായും വി. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.
ധന്‍രാജിന്റെ വീട് നിര്‍മാണത്തിനായി 34.25 ലക്ഷം രൂപ ചിലവായെന്നാണ് കണക്കുകള്‍. എന്നാല്‍ ചെക്കുകള്‍ പരിശോധിച്ചപ്പോള്‍ 29.25 ലക്ഷം രൂപ കോണ്‍ട്രാക്ടറുടെ അക്കൗണ്ടിലേക്കും, അഞ്ച് ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറി കെ പി മധുവിന്റെ അക്കൗണ്ടിലേക്കും പോയതായി കണ്ടെത്തിയെന്നും ആരോപണം ഉയര്‍ന്നു. കൂടാതെ, വ്യക്തതയില്ലാതെ രണ്ട് ലക്ഷം രൂപ കൂടി ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു.
ഇതുകൂടാതെ, പാര്‍ട്ടി ഏരിയ കമ്മിറ്റി കെട്ടിട നിര്‍മാണത്തിന് ധന്‍രാജ് ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ ഉപയോഗിച്ചുവെന്നും, ധന്‍രാജിന്റെ കുടുംബത്തിന് കടബാധ്യത നിലനില്‍ക്കുമ്പോഴാണ് ഈ തുക മാറ്റിയതെന്നും വി. കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു.
അതേസമയം, മൂന്ന് വര്‍ഷം മുമ്പ് ഉയര്‍ന്ന സമാന ആരോപണങ്ങള്‍ക്ക് സിപിഎം ജില്ലാ നേതൃത്വം വിശദീകരണക്കുറിപ്പ് നല്‍കിയിരുന്നു. ധന്‍രാജ് ഫണ്ടില്‍ നിന്ന് ഒരു നയാപൈസ പോലും അപഹരിച്ചിട്ടില്ലെന്നും, കുടുംബ സഹായത്തിനും വീട് നിര്‍മാണത്തിനും കേസിനുമായി മാത്രമാണ് തുക ഉപയോഗിച്ചതെന്നും സിപിഎം വ്യക്തമാക്കിയിരുന്നു.
പയ്യന്നൂരിലെ ധന്‍രാജ് രക്തസാക്ഷി ഫണ്ടില്‍ 42 ലക്ഷം രൂപയുടെ തിരിമറി നടന്നുവെന്ന ആരോപണം അന്വേഷിക്കാന്‍ ടി വി രാജേഷ്, പി വി ഗോപിനാഥ് എന്നിവരെ നിയോഗിച്ചിരുന്നുവെങ്കിലും, ആ അന്വേഷണത്തെയും വി. കുഞ്ഞികൃഷ്ണന്‍ ചോദ്യം ചെയ്തിട്ടുണ്ട്.
കണ്ണൂര്‍ സിപിഎമ്മിനകത്ത് വലിയ ചലനങ്ങള്‍ക്ക് ഇടയാക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. പയ്യന്നൂരില്‍ അണികള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് വി. കുഞ്ഞികൃഷ്ണന്‍.
