കണ്ണൂർ: കേരളത്തിലെ സ്കൂൾ വിദ്യാർഥികൾക്ക് ഇനി ആഘോഷദിനങ്ങളിൽ യൂണിഫോമിന് പകരം കളർ വസ്ത്രം ധരിക്കാൻ അനുമതി. കണ്ണൂർ മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്വൺ വിദ്യാർഥിനികളായ കെ.ദേവനന്ദയും സി.കെ.ജുമാനയും ഉന്നയിച്ച ആവശ്യം പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അംഗീകരിച്ചു.
മുണ്ടേരി സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനം കഴിഞ്ഞ് മന്ത്രിയോട് വിദ്യാർഥിനികൾ മടിച്ചുമടിച്ച് അഭ്യർഥന അറിയിച്ചിരുന്നു. തിരക്കിനിടയിലും മന്ത്രി അവരെ ചേർത്തുനിർത്തി സംസാരിച്ച്, ആവശ്യത്തിന് അനുകൂലമായി പ്രതികരിച്ചു.
ചൊവ്വാഴ്ച തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗതസംഘ യോഗത്തിലാണ് പ്രഖ്യാപനം വന്നത്. “കുഞ്ഞുങ്ങൾ വർണപ്പൂമ്പാറ്റകളായി പറന്നുരസിക്കട്ടെ” എന്ന് മന്ത്രി പറഞ്ഞു.
വിദ്യാർഥിനികൾ സന്തോഷം പ്രകടിപ്പിച്ചു. ദേവനന്ദ പറഞ്ഞു: “പേടിയോടെ മന്ത്രിയെ സമീപിച്ചെങ്കിലും, സ്നേഹത്തോടെ സംസാരിച്ചതോടെ ധൈര്യം വന്നു. അപ്പോൾ തന്നെയാണ് കളർ വസ്ത്രാവശ്യവും പറഞ്ഞത്, അതിന് അനുകൂലമായ മറുപടി ലഭിച്ചു.”
