മലപ്പുറം: നേതൃത്വത്തോട് ഇടഞ്ഞ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങുന്ന അബ്ദുറഹ്മാൻ രണ്ടത്താണിയെ അനുനയിപ്പിക്കാൻ മുസ്ലീം ലീഗ് രംഗത്ത്. കൂടിക്കാഴ്ചയ്ക്കായി സാദിഖലി ശിഹാബ് തങ്ങൾ പാണക്കാട്ടേക്ക് വിളിപ്പിച്ചതായി റിപ്പോർട്ട്.
ലീഗ് പ്രാദേശിക നേതാക്കളെ വീട്ടിലേക്ക് അയച്ചാണ് ക്ഷണം നൽകിയതെന്നാണ് വിവരം. എന്നാൽ തന്നെ ആരും ഔദ്യോഗികമായി ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്ന് രണ്ടത്താണി പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതോടെയാണ് രണ്ടത്താണി പാർട്ടിയുമായി ഇടഞ്ഞത്. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെ അതൃപ്തി പരസ്യമാക്കിയിരുന്നു. പിന്നീട് പോസ്റ്റ് തിരുത്തിയും വീണ്ടും വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു.
തിരൂരങ്ങാടിയിൽ ലീഗ് സ്ഥാനാർഥിയായ പി.എം.എ. സമീർക്കെതിരെ വിമർശനം ഉയർത്തിയ രണ്ടത്താണി, നേതൃത്വ നിലപാടുകളെ ചോദ്യം ചെയ്തിരുന്നു.
അതേസമയം, സിപിഐഎം നേതൃത്വവുമായി രണ്ടത്താണിക്ക് ചർച്ച നടന്നതായും, തിരൂരങ്ങാടിയിൽ ഇടത് സ്ഥാനാർഥിയായി പരിഗണിക്കുന്നതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ഇത് ലീഗിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.
