ഇറങ്ങിപ്പോകും മുന്‍പ് ഒക്കച്ചങ്ങായിക്ക് പിണറായിയുടെ വഴിവിട്ട സഹായം; സര്‍ക്കാര്‍ ഖജനാവിന് ബാധ്യത കോടികള്‍; എസ്എന്‍ ട്രസ്റ്റിന്റെ കീഴിലുള്ള കോളജുകളില്‍ ചട്ടം മറികടന്ന് 86 അധ്യാപക തസ്തികകള്‍;

കൊല്ലം: ചട്ടം മറി കടന്ന് എസ്.എന്‍. ട്രസ്റ്റിന് കീഴിലുള്ള കോളജുകളില്‍ 86 അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത് സര്‍ക്കാര്‍ ഖജനാവിന് ബാധ്യതയാകുന്നു. എസ്എന്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയില്‍ കേരള, കാലിക്കട്ട്, കണ്ണൂര്‍, എം.ജി.യൂണിവേഴ്സിറ്റിക്ക് കീഴിലായി ഉള്ള കോളജുകളില്‍ 128 അധ്യാപക തസതികകള്‍ അധികവും ഒഴിവാക്കേണ്ടതാണെന്നുമുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ശിപാര്‍ശകള്‍ നിലനില്‍ക്കേയാണ് വീണ്ടും 86 തസ്തികകള്‍ അനുവദിച്ചിരിക്കുന്നതെന്ന് എസ്എന്‍ഡിപി സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ. എസ്. ചന്ദ്രസേനന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിയമവിരുദ്ധമായ അദ്ധ്യാപക നിയമനം വഴി വര്‍ഷംതോറും സംസ്ഥാന ഖജനാവിന് കുറഞ്ഞത് 15 കോടിയില്‍പരം രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്. എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഈ ഉത്തരവ് വഴി കഴിഞ്ഞ മാര്‍ച്ച് 11 മുതല്‍ 13 വരെ തീയതികളില്‍ കേരള, കാലിക്കറ്റ്, കണ്ണൂര്‍ യൂണിവേഴ്സിറ്റികളിലേക്ക് 87 അദ്ധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ച് ഒരു പോസ്റ്റിന് ഒരു കോടി പത്ത് ലക്ഷം രൂപ വച്ച് വിലപേശി വാങ്ങികൊണ്ടിരിക്കുകയാണ് എന്നും അഡ്വ. ചന്ദ്രസേനന്‍ പറഞ്ഞു

എന്‍.എസ്.എസ്, എം.ഇ.എസ് തുടങ്ങി ക്രിസ്ത്യന്‍, മുസ്ലീം മാനേജുമെന്റുകളുടെ കീഴിലുള്ള കോളജുകളിലും 2024 ലെ ഉത്തരവ് മുഖേനെ അധികമുള്ള തസ്തികകളുടെ കണക്ക് പുറത്തു വിട്ടിരുന്നു. അവര്‍ക്കൊന്നും 2026 ല്‍ പുതിയ തസ്തിക അനുവദിച്ചിട്ടില്ല. ജനുവരിയില്‍ എസ്എന്‍ ട്രസ്റ്റിന് വേണ്ടി വിളിച്ച അദാലത്തില്‍ മറ്റ് മാനേജുമെന്റുകളെയും വിളിച്ചിരുന്നു. എന്നാല്‍, അവര്‍ക്കൊന്നും അനുവദിക്കാത്ത അധിക തസ്തികയാണ് എസ്എന്‍ ട്രസ്റ്റിന് കിട്ടിയത്. തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറില്‍ മുഖ്യമന്ത്രിയുടെ ഉറ്റ തോഴനായി അഭിനയിക്കുന്ന വെളളാപ്പള്ളി നടേശന്‍ സെക്രട്ടറിയായ ശ്രീനാരായണ ട്രസ്റ്റിന് അധ്യാപക നിയമന അംഗീകാരം നല്‍കിയതില്‍ ക്രമക്കേടും അഴിമതിയും നടന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല 2024 ലെ സര്‍ക്കാര്‍ ഉത്തരവിനു ശേഷം ശ്രീനാരായണ ട്രസ്റ്റ് വക എല്ലാ കോളേജുകളിലും മിക്ക വിഷയങ്ങള്‍ക്കും മതിയായ കുട്ടികളില്ലാത്തതും ചില വിഷയങ്ങള്‍ക്ക് പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാത്തതുമാണ്.

ഉദാഹരണമായി ചെങ്ങന്നൂര്‍ എസ്.എന്‍. കോളേജില്‍ ബി.എസ്.സി മാത്സ്, കെമസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങളില്‍ കുട്ടികളില്ല. എംഎസ്സി ഫിസിക്സിന് ഒന്നാം വര്‍ഷം രണ്ട് കുട്ടികളായിരുന്നു. രണ്ടാം വര്‍ഷം കുട്ടികളില്ല. ചാത്തന്നൂര്‍ എസ്.എന്‍. കോളേജില്‍ ഇംഗ്ലീഷ്, കെമസ്ട്രി, ഫിസിക്സ്, ബോട്ടണി എന്നീ വിഷയങ്ങളില്‍ 16 മണിക്കൂറില്‍ താഴെ മാത്രം ജോലി ഭാരമുള്ള അഞ്ച് സ്ഥിരം അദ്ധ്യാപകരും പുനലൂരില്‍ ബോട്ടണിയില്‍ ഒരു അദ്ധ്യാപകനും ചെങ്ങന്നൂരില്‍ നാല് അദ്ധ്യാപകരും ജോലി ചെയ്യുന്നു.

ഇപ്രകാരം വിവിധ എസ്.എന്‍ കോളേജുകളില്‍ മതിയായ മണിക്കൂറില്ലാത്ത അദ്ധ്യാപകരാണ് ജോലി ചെയ്യുന്നത്. കേരള, കാലിക്കറ്റ്, കണ്ണൂര്‍, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റികളുടെ കീഴില്‍ ഇപ്രകാരം അദ്ധ്യാപകര്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ മാനേജ്മെന്റിന്റെ കീഴില്‍ ഏതെങ്കിലും കോളേജില്‍ അദ്ധ്യാപക ഒഴിവു വന്നാല്‍ ഇപ്രകാരം ജോലിചെയ്യുന്ന അദ്ധ്യാപകരെ പുനര്‍ വിന്യസിച്ച് നിയമിക്കണമെന്നും 16 മണിക്കൂറില്‍ താഴെ മാത്രം ജോലി ഭാരമുള്ള തസ്തികയില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കണമെന്നുമാണ് നിയമം.

ഈ നിയമങ്ങള്‍ പാലിക്കാതെ വന്‍ അഴിമതിയില്‍ കൂടി അദ്ധ്യാപക നിയമനത്തിന് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയതുവഴി 100 കോടി രൂപയുടെ നിയമന തട്ടിപ്പാണ് എസ്. എന്‍. ട്രസ്റ്റില്‍ അറങ്ങേറുന്നത്. ഇതു വഴി സംസ്ഥാന ഖജനാവിന് കുറഞ്ഞത് 15 കോടി രൂപ പ്രതി വര്‍ഷം നഷ്ടം സംഭവിക്കുന്നു. ഈ തട്ടിപ്പിനെതിരെ സമഗ്രമായ അന്വേഷണവും നിയമന ഉത്തരവ് ഇറക്കിയതിനെ സംബന്ധിച്ചും, നിയമനത്തിന് കോഴവാങ്ങുന്നതിനെ സംബന്ധിച്ചും വിജിലന്‍സ് അന്വഷണം നടത്തണമെന്നും ആവശ്യപ്പെട്ട എസ്. എന്‍. ഡി. പി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന് ഹര്‍ജി നല്‍കിയിട്ടുണ്ട്. എസ്.എന്‍. ട്രസ്റ്റ് മാനേജ്മെന്റ് നടത്തി വരുന്ന ഈ നിയമന നടപടികള്‍ ഉടനടി നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എസ്. എന്‍. ഡി. പി സംരക്ഷണ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചെയര്‍മാന്‍ അഡ്വ.എസ്.ചന്ദ്രസേനന്‍, ജന:സെക്രട്ടറി എം.വി.പരമേശ്വരന്‍ സംസ്ഥാന കമ്മിറ്റി അംഗം വിനോദ് എന്നിവര്‍ പങ്കെടുത്തു.

malayalampulse

malayalampulse