മമതയുടെ ശവപ്പെട്ടിയില്‍ ആണിയടിച്ചത് ഈ മൂന്ന് വീട്ടമ്മമാര്‍! തൃണമൂല്‍ വിരുദ്ധ തരംഗത്തില്‍ വനിതാ മുഖങ്ങളായി രേഖ പത്രയും രത്ന ദേബ്നാഥും

പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരായ ശക്തമായ രാഷ്ട്രീയ സന്ദേശമായി മാറുകയാണ് മൂന്ന് വനിതകളുടെ വിജയം. സന്ദേശ്ഖാലി പീഡന ആരോപണങ്ങള്‍ തുറന്നുപറഞ്ഞ രേഖ പത്ര, വീട്ടുജോലി ചെയ്ത് ജീവിച്ചിരുന്ന കലിത മാജി, ആര്‍ജി കര്‍ ആശുപത്രി ബലാത്സംഗക്കൊലക്കിരയായ ഡോക്ടറുടെ അമ്മ രത്ന ദേബ്നാഥ് എന്നിവര്‍ ബിജെപി സ്ഥാനാര്‍ത്ഥികളായി വിജയിച്ചതാണ് സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ച.

സന്ദേശ്ഖാലി സമരമുഖത്ത് നിന്ന് എംഎല്‍എയിലേക്ക്

2024-ല്‍ സന്ദേശ്ഖാലിയില്‍ തൃണമൂല്‍ നേതാവ് ഷെയ്ഖ് ഷാജഹാനെതിരെ സ്ത്രീകള്‍ ഉയര്‍ത്തിയ ഗുരുതര പീഡന ആരോപണങ്ങളിലൂടെ ദേശീയ ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു രേഖ പത്ര. തൃണമൂല്‍ പ്രവര്‍ത്തകര്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തുവെന്ന ആരോപണങ്ങള്‍ അവര്‍ തുറന്നുപറഞ്ഞിരുന്നു.

ഇപ്പോള്‍ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഹിംഗല്‍ഗഞ്ച് മണ്ഡലത്തില്‍നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രേഖ പത്ര, തൃണമൂല്‍ സ്ഥാനാര്‍ത്ഥി ആനന്ദ സര്‍ക്കാരിനെ 5,421 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി നിയമസഭയിലെത്തി. രേഖയ്ക്ക് 1,00,207 വോട്ടുകളും ആനന്ദ സര്‍ക്കാറിന് 94,786 വോട്ടുകളും ലഭിച്ചു.

വീട്ടുജോലിക്കാരിയില്‍നിന്ന് ജനപ്രതിനിധിയിലേക്ക്

ഓസ്ഗ്രാം മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കലിത മാജിയുടെ വിജയം തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ ഫലങ്ങളിലൊന്നായി മാറി. നാല് വീടുകളില്‍ വീട്ടുജോലി ചെയ്ത് കുടുംബം പോറ്റിയിരുന്ന കലിത, തൃണമൂല്‍ സ്ഥാനാര്‍ത്ഥി ശ്യാമ പ്രസന്ന ലോഹറിനെ 12,535 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.

2021ലെ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നെങ്കിലും അന്ന് പരാജയപ്പെട്ട കലിതയ്ക്ക് ബിജെപി വീണ്ടും അവസരം നല്‍കുകയായിരുന്നു. രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത ഒരു സാധാരണ വനിതയുടെ വിജയം ബംഗാള്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായി.

ആര്‍ജി കര്‍ കേസിലെ ഇരയുടെ അമ്മയ്ക്കും വമ്പന്‍ ജയം

കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 2024ല്‍ കൊല്ലപ്പെട്ട ജൂനിയര്‍ ഡോക്ടറുടെ അമ്മ രത്ന ദേബ്നാഥും ഈ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയ വിജയമാണ് നേടിയത്. പാനിഹട്ടി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അവര്‍, തൃണമൂല്‍ സ്ഥാനാര്‍ത്ഥി തീര്‍ത്ഥങ്കര്‍ ഘോഷിനെ 28,836 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.

https://x.com/malayalampulse/status/2052358960175571050?s=46

മകള്‍ക്ക് നീതി തേടിയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് രാഷ്ട്രീയത്തിലേക്ക് എത്തിയതെന്ന് രത്ന ദേബ്നാഥ് വ്യക്തമാക്കിയിരുന്നു. “എന്റെ നട്ടെല്ല് വില്പനയ്ക്കുള്ളതല്ല” എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് അവര്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.

സ്ത്രീ വോട്ടുകളില്‍ പ്രതിഫലിച്ച പ്രതിഷേധം

സന്ദേശ്ഖാലി വിവാദവും ആര്‍ജി കര്‍ കേസും പശ്ചിമ ബംഗാളില്‍ സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ച ശക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ പ്രതിഷേധ മനോഭാവം വോട്ടെടുപ്പില്‍ പ്രതിഫലിച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

സാധാരണ ജീവിതത്തില്‍നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ ഈ വനിതകളുടെ വിജയം തൃണമൂല്‍ സര്‍ക്കാരിനെതിരായ ജനവികാരത്തിന്റെ പ്രതീകമായാണ് ബിജെപി അവതരിപ്പിക്കുന്നത്.

malayalampulse

malayalampulse