ഇറങ്ങി വന്ന് സ്വീകരിച്ച് പിണറായി; കൈ ചേർത്തു പിടിച്ച് സതീശൻ

കൂടിക്കാഴ്ച 20 മിനുട്ടിലേറെ നീണ്ടു നിന്നു
പിണറായി വിജയനെ വീട്ടിലെത്തി കണ്ട് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. വെള്ളിയാഴ്ച ഉച്ചക്ക് 12.10 ഓടെയാണ് വി.ഡി സതീശൻ ബേക്കറി ജംഗ്ഷനിലുള്ള പിണറായി വിജയന്റെ വീട്ടിലേക്ക് എത്തിയത്. 12 മണിയോടെ തന്നെ എത്തുമെന്ന അറിയിപ്പ് ലഭിച്ചിരുന്നതിനാൽ പിണറായി വിജയനും ഭാര്യ കമലയും പൂമുഖത്ത് തന്നെ നിന്നിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ വി.ഡി സതീശനെ ഇറങ്ങി വന്നാണ് പിണറായി വിജയൻ സ്വീകരിച്ചത്. ശേഷം ഇരുവരും കൈകൾ ചേർത്തുപിടിച്ച് മാധ്യമങ്ങളെ അഭിവാദ്യം ചെയ്തു.

വട്ടിയൂർക്കാവ് മുൻ എംഎൽഎ വി.കെ പ്രശാന്ത്,സിപിഎം നേതാക്കൾ എന്നിവർ പിണറായി വിജയന്റെ വസതിയിൽ ഉണ്ടായിരുന്നു. വീടിനുള്ളിലേക്ക് പോയ വി.ഡി സതീശൻ പിണറായി വിജയന്റെ കുടുംബത്തിന്റെ ചായ സൽക്കാരവും സ്വീകരിച്ചു. 20 മിനുട്ടിലേറെയാണ് കൂടിക്കാഴ്ച നീണ്ടു നിന്നത്. തുടർന്ന് ഒരുമിച്ചാണ് ഇരുവരും പുറത്തിറങ്ങിയത്.

പുറത്തിറങ്ങിയ ഇരുവരേയും മാധ്യമങ്ങൾ വളഞ്ഞുവെങ്കിലും വി.ഡി സതീശൻ മാത്രമാണ് പ്രതികരിച്ചത്. വി.ഡി സതീശന്റെ പ്രതികരണം തീരും വരെ നിറചിരിയോടെ പിണറായി വിജയൻ സമീപത്ത് നിന്നു എന്നതും ഒരു രാഷ്ട്രീയ കൗതുകമായി.

വി.ഡി സതീശൻ്റെ വാക്കുകൾ-

മുതിർന്ന നേതാവാണ്, പരിണിത പ്രജ്ഞനനാണ്. പുതിയ ദൗത്യം ഏറ്റെടുക്കുമ്പോൾ പിന്തുണ അഭ്യർഥിക്കാൻ എത്തിയതാണ്. പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നിച്ച് നിൽക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാറുകൾ തുടർച്ചയാണ്, കഴിഞ്ഞ സർക്കാറ് കൊണ്ടുവന്ന പദ്ധതികളിൽ ചില കറക്ഷൻസ് ഉണ്ടാവും. അല്ലാതെ പദ്ധതി മുഴുവൻ മാറ്റാൻ പറ്റില്ല. ഞങ്ങൾ അകത്തിരുന്ന് സംസാരിച്ചത് പുറത്തുപറയാൻ പറ്റില്ലല്ലോ എന്നും വി.ഡി സതീശൻ പറഞ്ഞു. സത്യപ്രതിജ്ഞക്ക് ക്ഷണിച്ചു എന്നും അദ്ദേഹം പറഞ്ഞു.

Thumbnail

malayalampulse

malayalampulse