ഒടുവില്‍ ചൈനയും കൈവിട്ടു! ഇറാന് സൈനിക സഹായമില്ലെന്ന് ട്രംപിന് ഷിയുടെ ഉറപ്പ്; ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ചൈനീസ് മധ്യസ്ഥത? ബീജിങ്ങില്‍ ട്രംപിന്റെ നയതന്ത്ര വിജയം!

ബീജിങ്: ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സഹായം വാഗ്ദാനം ചെയ്തതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന് സൈനിക ഉപകരണങ്ങള്‍ നല്‍കില്ലെന്ന് ഉറപ്പുനല്‍കിയതായും ബീജിങ്ങില്‍ ഷി ജിന്‍പിങ്ങുമായി നടത്തിയ രണ്ട് ദിവസത്തെ ഉച്ചകോടിക്ക് ശേഷം ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഇറാനു സൈനിക സാമഗ്രികള്‍ നല്‍കില്ലെന്ന് ഷി ജിന്‍പിങ് ശക്തമായ ഭാഷയില്‍ ഉറപ്പുനല്‍കിയതായി ട്രംപ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് തുറന്നു കാണാനാണ് ചൈനീസ് നേതാവ് ആഗ്രഹിക്കുന്നത്. ഇതിനായി എന്ത് സഹായം വേണമെങ്കിലും നല്‍കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാനുമായി ഒരു ധാരണയിലെത്താന്‍ ഷി ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാനുമേല്‍ ചൈന സ്വാധീനം ചെലുത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് സിഎന്‍ബിസിയോട് പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് ചൈനയുടെ വലിയ താല്‍പ്പര്യമാണെന്നും, പശ്ചിമേഷ്യയിലെ എണ്ണയെ അമേരിക്കയേക്കാള്‍ കൂടുതല്‍ ചൈന ആശ്രയിക്കുന്നതിനാല്‍ അവര്‍ക്ക് ഇതില്‍ വലിയ പങ്കുണ്ടെന്നും ബെസെന്റ് ചൂണ്ടിക്കാട്ടി.

ഊര്‍ജ്ജ വിതരണത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിനായി ഹോര്‍മുസ് കടലിടുക്ക് തുറന്നുതന്നെയിരിക്കണമെന്ന് ചര്‍ച്ചയ്ക്കിടെ ട്രംപും ഷിയും സമ്മതിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഈ ജലപാത സൈനികവല്‍ക്കരിക്കുന്നതിനോടും, ഇതിലൂടെയുള്ള യാത്രയ്ക്ക് ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കങ്ങളോടും ഷി ജിന്‍പിങ് എതിര്‍പ്പ് പ്രകടിപ്പിച്ചതായും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയില്‍ ഹോര്‍മുസ് കടലിടുക്ക് ഒരു വിഷയമായതായി ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടില്ല. പശ്ചിമേഷ്യന്‍ സാഹചര്യം ഉള്‍പ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര-മേഖലാ വിഷയങ്ങളില്‍ ട്രംപും ഷിയും ആശയവിനിമയം നടത്തിയെന്ന് മാത്രമാണ് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തത്.

അമേരിക്കയുടെയും ഇസ്രായേലിന്റെയും വ്യോമാക്രമണത്തെത്തുടര്‍ന്ന് മാര്‍ച്ച് ആദ്യം മുതലാണ് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് ഉപരോധിച്ചത്. ലോകത്തിലെ എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന അതീവ പ്രാധാന്യമുള്ള ഈ ഊര്‍ജ്ജ പാതയിലെ തടസ്സം ആഗോളതലത്തില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

malayalampulse

malayalampulse