പാലക്കാട്: പോലീസുകാരുടെ പേരും സ്ഥലവും എടുത്തുപറഞ്ഞ് പരസ്യമായി ഭീഷണി പ്രസംഗം നടത്തിയ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ പാലക്കാട് നോര്‍ത്ത് പോലീസ് കേസെടുത്തു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. വിപിന്‍, പ്രവര്‍ത്തകരായ ഷാദുല്‍, അഭിഷേക് എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പാലക്കാട് നടത്തിയ പ്രതിഷേധത്തിനിടയിലായിരുന്നു വിപിന്റെ വിവാദ പ്രസംഗം. വോട്ടെണ്ണല്‍ ദിവസം യു.ഡി.എഫ്-എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസ് ലാത്തിവീശിയതിനെരെയായിരുന്നു ഭീഷണി പ്രസംഗം. ‘ഞങ്ങളെ തല്ലിയവര്‍ക്കെതിരെ ഞങ്ങള്‍ക്ക് നല്ല നിശ്ചയദാര്‍ഢ്യമുണ്ട്. ഞങ്ങളുടെ മാത്രമല്ല, പോലീസുകാരന്റെയും ശരീരത്തില്‍ നിന്ന് ചോര ചിന്തും. എല്ലാവരെയും ഞങ്ങള്‍ നോക്കിവെച്ചിട്ടുണ്ട്. കിട്ടിയതെല്ലാം തിരിച്ചു കൊടുക്കാത്ത ചരിത്രം ഈ വിദ്യാര്‍ഥി പ്രസ്ഥാനത്തിനില്ല. ഞങ്ങളെ അടിച്ചാല്‍ ഞങ്ങളുടെ ഭീകരതയ്ക്ക് അറുതിയുണ്ടാകില്ല,’ എന്നിങ്ങനെയായിരുന്നു പൊലീസുകാരന്റെ പേരെടുത്തു പറഞ്ഞുകൊണ്ടുള്ള ഭീഷണി.
വോട്ടെണ്ണല്‍ ദിവസം യു.ഡി.എഫിന്റെ ആഹ്ലാദ പ്രകടനം സി.പി.എം ജില്ല കമ്മിറ്റി ഓഫീസിന് സമീപമെത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. ഓന്തിനെപ്പോലെയാണ് പൊലീസ് നിറം മാറുന്നതെന്ന് സി.പി.എം ജില്ല സെക്രട്ടറി നേരത്തെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
അതേസമയം നവകേരള യാത്രയ്ക്കിടയില്‍ പ്രതിഷേധക്കാരായി കെഎസ് യു പ്രവര്‍ത്തകരുടെ തല അടിച്ചുപൊളിച്ച ഗണ്‍മാന്‍മാര്‍ക്ക് അടക്കം തിരിച്ചടി ലഭിക്കുമെന്ന സൂചനയുണ്ട്. അന്ന് മുഖ്യമന്ത്രി ‘രക്ഷാപ്രവര്‍ത്തനം’ എന്ന് വിളിച്ച് ന്യായീകരിച്ച ക്രൂരമായ മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ ഗണ്‍മാന്‍മാരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍്ട്. നിലവിലെ ആലപ്പുഴ എംഎല്‍എ എ.ഡി തോമസിനെ തെരുവിലിട്ട് തല്ലിയ കേസില്‍ പുനരന്വേഷണം ആരംഭിക്കുന്നതോടെ ആഭ്യന്തര വകുപ്പിലെ ഈ ‘ഗുണ്ടായിസം’ നടത്തിയവര്‍ അഴികള്‍ക്കുള്ളിലാകാന്‍ സാധ്യതയേറെയാണ്.
മര്‍ദ്ദനത്തില്‍ വീഴ്ചയില്ലെന്നും അത് വെറും ഡ്യൂട്ടിയുടെ ഭാഗമാണെന്നും പറഞ്ഞ് പഴയ സര്‍ക്കാര്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് എ.ഡി തോമസ് ഉടന്‍ പരാതി നല്‍കും. മര്‍ദ്ദനമേറ്റവരുടെ പ്രതീകമായാണ് താന്‍ ആലപ്പുഴയില്‍ മത്സരിച്ചതെന്നും, പൊലീസിന്റെ അതിക്രമത്തിനെതിരെയുള്ള ജനവിധിയാണിതെന്നും തോമസ് പ്രതികരിച്ചു. ‘അവരോട് വ്യക്തിപരമായ വിരോധമില്ല, കണ്ടാല്‍ ചായ കുടിക്കും, പക്ഷേ ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കണം’ – തോമസ് വ്യക്തമാക്കുന്നു.
2023-ല്‍ നടന്ന നവകേരള യാത്രയ്ക്കിടയില്‍ കണ്ണൂരിലും ആലപ്പുഴയിലും അരങ്ങേറിയത് സമാനതകളില്ലാത്ത പോലീസ് ഗുണ്ടായിസമായിരുന്നു. മുഖ്യമന്ത്രിക്കൊപ്പം തോക്കുമായി സഞ്ചരിക്കേണ്ട ഗണ്‍മാന്‍മാര്‍, എസ്‌കോര്‍ട്ട് വാഹനത്തില്‍ ഒളിപ്പിച്ചു വെച്ച വടിയുമായി പുറത്തിറങ്ങിയാണ് കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തല തല്ലിക്കീറിയത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയ ശേഷം പിന്നാലെ വന്ന് ആളുകളെ മര്‍ദ്ദിക്കുന്നത് ഏത് പോലീസ് മാന്വലില്‍ ഉള്ളതാണെന്ന ചോദ്യത്തിന് അന്ന് മറുപടിയുണ്ടായിരുന്നില്ല.
സാധാരണ ലാത്തിയെക്കാള്‍ നീളമുള്ളതും കാറിലിരുന്നുതന്നെ വീശിയടിക്കാവുന്നതുമായ പ്രത്യേകതരം ദണ്ഡാണ് ഗണ്‍മാന്‍ സന്ദീപും സംഘവും ഉപയോഗിച്ചത്. പോലീസ് മാന്വലിന് വിരുദ്ധമായ ഇത്തരം ആയുധങ്ങള്‍ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ കൊണ്ടുനടന്നത് വലിയ ചട്ടലംഘനമായിരുന്നു. ഇടുക്കിയില്‍ പത്ര ഫോട്ടോഗ്രാഫറുടെ കഴുത്തിന് പിടിച്ചും ഇവര്‍ തങ്ങളുടെ പ്രതാപം കാണിച്ചിരുന്നു. മുഖ്യമന്ത്രി ഇവരെ പരസ്യമായി ന്യായീകരിച്ചതോടെ ഈ ഉദ്യോഗസ്ഥര്‍ക്ക് ആരും ചോദിക്കാനില്ലെന്ന ധാരണയായി.
എന്നാല്‍ ഭരണം മാറുകയും അന്നത്തെ ഇരയായിരുന്ന എ.ഡി തോമസ് എംഎല്‍എയായി സഭയിലെത്തുകയും ചെയ്തതോടെ കഥ മാറി. സ്വന്തം പദവി മറന്ന് ക്രിമിനല്‍ സംഘത്തെപ്പോലെ പെരുമാറിയ ഗണ്‍മാന്‍മാര്‍ക്ക് ഇനി കാക്കി ഊരി വീട്ടിലിരിക്കേണ്ടി വരും. വരും ദിവസങ്ങളില്‍ ഈ കേസില്‍ വന്‍ അഴിച്ചുപണികള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.
