പിണറായി വിജയൻ പ്രതിപക്ഷനേതാവ്; തീരുമാനം സിപിഎം സംസ്ഥാന സമിതിയിൽ

തിരുവനന്തപുരം: പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും. വ്യാഴാഴ്ച നടന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷ നേതാവായി പിണറായി വിജയന്റെ പേര് ഏകകണ്ഠമായാണ് തീരുമാനിച്ചത്.

രണ്ടുവട്ടം മുഖ്യമന്ത്രിയായ പിണറായി വിജയൻ ആദ്യമായിട്ടാണ് പ്രതിപക്ഷ നേതാവാകുന്നത്. ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനും സിപിഎമ്മിനും കനത്ത തിരിച്ചടി നേരിട്ടെങ്കിലും പ്രതിപക്ഷനിരയെ പിണറായി തന്നെ നയിക്കട്ടെയെന്നായിരുന്നു പാർട്ടി തീരുമാനം. പി.ബി. അംഗവും മുതിർന്ന നേതാവുമായ പിണറായി സഭയിലിരിക്കെ മറ്റുള്ളവരെ പരിഗണിക്കേണ്ടെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായമുയർന്നു.

വി.ഡി. സതീശനെ കോൺഗ്രസ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച അതേദിവസംതന്നെയാണ് സിപിഎമ്മും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ സർക്കാരിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി ഇത്തവണ പ്രതിപക്ഷ നേതാവാകുന്നു എന്നതും കഴിഞ്ഞത്തവണ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ മുഖ്യമന്ത്രിക്കസേരയിലെത്തുന്നു എന്നതും പ്രത്യേകതയാണ്.

ധർമടത്തുനിന്ന് തുടർച്ചയായ മൂന്നാംതവണയാണ് പിണറായി വിജയൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2016-ൽ 36,905 വോട്ടിന്റെയും 2021-ൽ 50,123 വോട്ടിന്റെയും ഭൂരിപക്ഷത്തിൽ വിജയിച്ച പിണറായി വിജയന് ഇത്തവണ ധർമടം മണ്ഡലത്തിൽ ഭൂരിപക്ഷം കുത്തനെ കുറഞ്ഞിരുന്നു. യുഡിഎഫ് സ്ഥാനാർഥിയായ വി.പി. അബ്ദുൾറഷീദുമായി നടന്ന കടുത്ത മത്സരത്തിൽ 19,247 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ പിണറായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

അതിനിടെ, കെ. രാജൻ സിപിഐയിൽനിന്ന് പ്രതിപക്ഷ ഉപനേതാവാകുമെന്നാണ് സൂചന. എന്നാൽ, പ്രതിപക്ഷ ഉപനേതാവിനെ സംബന്ധിച്ച് സിപിഎം സംസ്ഥാന സമിതിയിൽ ചർച്ചയുണ്ടായില്ലെന്നും വിവരങ്ങളുണ്ട്.

malayalampulse

malayalampulse