പെട്രോള്‍ പമ്പുകളില്‍ തമ്മിലടി, തകർന്ന സമ്പദ്‌വ്യവസ്ഥ; ‘യുദ്ധം നിര്‍ത്തൂ’ എന്ന് ബാങ്ക് മേധാവികളും; പുടിന്റെ സിംഹാസനം ഇളകുന്നു?

മോസ്‌കോ: യുക്രെയ്ന്‍ അധിനിവേശം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ റഷ്യന്‍ ഭരണാധികാരി വ്‌ളാദിമിര്‍ പുട്ടിന്റെ സിംഹാസനം ഇളകുന്നതായി രാജ്യാന്തര മാധ്യമങ്ങളുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍. യുക്രെയ്ന്‍ നടത്തിയ അതിശക്തമായ ഡ്രോണ്‍ ആക്രമണങ്ങളില്‍ റഷ്യയിലെ എണ്ണപ്പാടങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും തകര്‍ന്നടിഞ്ഞതോടെ രാജ്യം കടുത്ത ഇന്ധനക്ഷാമത്തിലേക്കും ആഭ്യന്തര കലഹത്തിലേക്കും നീങ്ങുകയാണെന്നാണ് പാശ്ചത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ, തോല്‍വിയുടെ വഴിയെ സഞ്ചാരിക്കാത്ത പുടിന്‍ എന്തിനും തയ്യാറായേക്കും എന്നതാണ് ലോകത്തെ ആശങ്കപ്പെടുത്തുന്നത്. കനത്ത തിരിച്ചടി നേരിടേണ്ടി വന്നാല്‍ യുക്രെയ്‌നെതിരെയും അവരെ സഹായിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നേരെയും ആണവായുധം പ്രയോഗിക്കാന്‍ പുടിന്‍ തയ്യാറായേക്കുമെന്ന ആശങ്ക ശക്തമാണ്. ഇത്തരം കടുംകൈകള്‍ക്ക് തയ്യാറെടുക്കാന്‍ പുടിന് മേല്‍ ചില തീവ്രവാദ ഗ്രൂപ്പുകൾ സമ്മര്‍ദ്ദം ചെലുത്തുന്നതായും സൂചനയുണ്ട്.

പെട്രോള്‍ പമ്പുകളില്‍ ഇന്ധനത്തിനായി തമ്മില്‍ തല്ല്

യുദ്ധരംഗത്തെ തിരിച്ചടികള്‍ക്ക് പുറമെ, രാജ്യത്തെ തന്ത്രപ്രധാനമായ എണ്ണശുദ്ധീകരണ ശാലകളും ഇന്ധന സംഭരണികളും തകര്‍ന്നതോടെ റഷ്യന്‍ നഗരങ്ങളില്‍ വന്‍ ജനരോഷമാണ് ഉയരുന്നത്.

  • ഇന്ധന നിയന്ത്രണം: റഷ്യയിലെ 56 ഓളം പ്രവിശ്യകളില്‍ നിലവില്‍ ഇന്ധന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
  • തെരുവ് യുദ്ധം: സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ റഷ്യയിലെ കലുഷിതമായ അന്തരീക്ഷം വ്യക്തമാക്കുന്നു. പെട്രോള്‍ പമ്പുകളില്‍ ക്യൂ തെറ്റിച്ചതിനെ ചൊല്ലി സ്ത്രീകള്‍ ഉള്‍പ്പെടെ തെരുവില്‍ പരസ്യമായി തെറിവിളിക്കുകയും കയ്യാങ്കളി നടത്തുകയും ചെയ്യുകയാണ്.
  • ക്രിമിയയിൽ അടിയന്തരാവസ്ഥ: തന്ത്രപ്രധാനമായ ക്രിമിയന്‍ ഉപദ്വീപില്‍ റഷ്യ കഴിഞ്ഞ ദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. മേഖലയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന 12 മൈല്‍ നീളമുള്ള ക്രിമിയന്‍ പാലത്തിന് നേരെ യുക്രെയ്ന്‍ അടുത്ത ആക്രമണം നടത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഈ പാലം തകരുകയോ ക്രിമിയ പൂര്‍ണ്ണമായി കൈവിട്ടുപോവുകയോ ചെയ്താല്‍ പുടിന്‍ ആണവായുധ പ്രയോഗം പോലുള്ള തീവ്രമായ തീരുമാനങ്ങളിലേക്ക് നീങ്ങിയേക്കുമെന്നാണ് പ്രതിരോധ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

രാജ്യത്ത് ‘ചില ഇന്ധനക്ഷാമങ്ങള്‍’ നേരിടുന്നുണ്ടെന്ന് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ തന്നെ ആദ്യമായി പരസ്യമായി സമ്മതിച്ചു. ക്രിമിയയില്‍ ഏതാനും ദിവസത്തേക്കുള്ള ഇന്ധനം മാത്രമാണ് അവശേഷിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

റഷ്യയെ ചര്‍ച്ചയ്ക്ക് നിര്‍ബന്ധിതരാക്കാന്‍ ലക്ഷ്യമിട്ട് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി പ്രഖ്യാപിച്ച 40 ദിവസത്തെ തീവ്ര ഡ്രോണ്‍ കാമ്പെയ്‌നാണ് റഷ്യയെ ഇത്രയധികം പ്രതിസന്ധിയിലാക്കിയത്. യുക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്നും ആയിരം കിലോമീറ്ററിലധികം അകലെയുള്ള റഷ്യയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലകൾ ഉൾപ്പെടെയുള്ള ഒട്ടനവധി കേന്ദ്രങ്ങളാണ് യുക്രെയ്ന്‍ തകര്‍ത്തത്.

സാമ്പത്തിക രംഗം തകര്‍ന്നു; പരസ്യമായി എതിര്‍പ്പറിയിച്ച് ബാങ്ക് മേധാവി

റഷ്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌ബെര്‍ബാങ്കിന്റെ (Sberbank) മേധാവി ജെര്‍മന്‍ ഗ്രെഫ് യുദ്ധത്തിനെതിരെ പരസ്യമായി രംഗത്തുവന്നത് റഷ്യയുടെ സാമ്പത്തിക പ്രതിസന്ധി എത്രത്തോളം രൂക്ഷമാണെന്ന് വ്യക്തമാക്കുന്നു. യുദ്ധം മൂലമുള്ള ഭീമമായ സൈനികച്ചെലവ് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ തകിടം മറിച്ചുവെന്നും പലിശനിരക്കുകള്‍ കുതിച്ചുയരുകയാണെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
“ഇവിടെയുള്ള എല്ലാവരെയും അലട്ടുന്നത് ഒരേയൊരു കാര്യമാണ്. എത്രയും വേഗം ഈ യുദ്ധം അവസാനിക്കണമെന്ന് ആഗ്രഹിക്കാത്ത ഒരു വ്യക്തിപോലും റഷ്യയിലുണ്ടാകില്ല” – ജെര്‍മന്‍ ഗ്രെഫ്

റഷ്യയില്‍ നടത്തിയ സമീപകാല ജനഹിത പരിശോധനകളില്‍ 81 ശതമാനം ജനങ്ങളും യുദ്ധം അവസാനിക്കണമെന്ന് ആഗ്രഹിക്കുന്നതായാണ് സൂചന. പുടിന്റെ ജനപ്രീതിയിലും വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

സൈന്യത്തില്‍ കലാപക്കൊടി; റഷ്യ നേരിടുന്നത് വൻ തിരിച്ചടി

റഷ്യന്‍ സൈന്യത്തിനുള്ളില്‍ നിന്നും ഭരണകൂടത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. മുന്‍നിരയിലെ റഷ്യന്‍ കമാന്‍ഡര്‍മാര്‍ സ്വന്തം സൈനികരെ ക്രൂരമായി പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് അലക്‌സാണ്ടര്‍ ലൂനിന്‍ എന്ന സൈനികന്‍ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. പുടിനെ നേരിട്ട് കണ്ട് സംസാരിക്കാന്‍ അനുവാദം നല്‍കിയില്ലെങ്കില്‍ സൈന്യം ക്രെംലിന് നേരെ തോക്കുചൂണ്ടുമെന്നായിരുന്നു ഇയാളുടെ മുന്നറിയിപ്പ്. ലൂനിനെ പിന്നീട് റഷ്യന്‍ സുരക്ഷാസേന അറസ്റ്റ് ചെയ്തു. മുന്‍പ് വാഗ്‌നര്‍ ഗ്രൂപ്പ് തലവന്‍ യെവ്‌ഗെനി പ്രിഗോഷിന്‍ നടത്തിയ അട്ടിമറി ശ്രമത്തിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ റഷ്യ നേരിടുന്നത്.യുദ്ധത്തിലെ നാശനഷ്ടങ്ങൾ (റിപ്പോർട്ടുകൾ പ്രകാരം)എണ്ണംകൊല്ലപ്പെട്ട റഷ്യൻ സൈനികർ4 ലക്ഷത്തിലധികംജീവൻ നഷ്ടമായ യുക്രെയ്ൻ സൈനികർ1.25 ലക്ഷത്തോളംരണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അമേരിക്കയ്ക്ക് വിവിധ യുദ്ധങ്ങളില്‍ സംഭവിച്ചതിനേക്കാള്‍ വലിയ നാശനഷ്ടമാണ് റഷ്യയ്ക്ക് ഈ യുദ്ധത്തില്‍ ഉണ്ടായിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ റഷ്യയില്‍ വലിയ രീതിയിലുള്ള രാഷ്ട്രീയ അട്ടിമറികള്‍ക്ക് ഈ സാഹചര്യം കാരണമായേക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തലുകൾ.

malayalampulse

malayalampulse