മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ (61) വീണ്ടും വിവാഹിതനായി. ഏറെ നാളത്തെ സുഹൃത്തും പങ്കാളിയുമായ ഗൗരി സ്പ്രാറ്റ് (47) ആണ് വധു. ഇന്ന് (ജൂലൈ 5, ഞായറാഴ്ച) മുംബൈയിലെ ആമിറിന്റെ ബാന്ദ്രയിലുള്ള വസതിയിൽ വെച്ച് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹ രജിസ്ട്രേഷൻ നടന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുംബൈയിൽ കനത്ത മഴ തുടരുകയാണെങ്കിലും അതൊന്നും വിവാഹാഘോഷത്തെയോ അതിഥികളുടെ വരവിനെയോ ബാധിച്ചില്ല. മഴക്കോട്ട് ധരിച്ചാണ് തൊഴിലാളികൾ ആമിറിന്റെ പാലി ഹില്ലിലെ ബംഗ്ലാവ് വിളക്കുകളാൽ അലങ്കരിച്ചത്.
25 വർഷത്തെ സൗഹൃദം, ഒടുവിൽ പ്രണയസാഫല്യം
ആമിറും ഗൗരിയും തമ്മിൽ കഴിഞ്ഞ 25 വർഷമായി പരസ്പരം അറിയുന്നവരാണ്. എന്നാൽ 2024-ൽ ബംഗളൂരുവിൽ വെച്ച് ആമിറിന്റെ കസിൻ നുഷ്രത്ത് ഖാൻ വഴിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. തുടർന്ന് ഒരു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ 2025 മാർച്ചിൽ, തന്റെ 60-ാം ജന്മദിനാഘോഷത്തിനിടയിലാണ് ഗൗരിയുമായുള്ള ബന്ധം ആമിർ ഔദ്യോഗികമായി ലോകത്തെ അറിയിക്കുന്നത്. നിലവിൽ ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ് ഗൗരി.
ബംഗ്ലാവിലെ സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം 150 ഓളം പേർ മാത്രമാണ് പങ്കെടുത്തത്. ആമിർ ഖാന്റെ മക്കളായ ജുനൈദ് ഖാൻ, ഇറാ ഖാൻ, ആസാദ് റാവു ഖാൻ എന്നിവരും ഗൗരിയുടെ മകനും ചടങ്ങിൽ സന്നിഹിതരായിരുന്നു. സിനിമാരംഗത്തുനിന്ന് അശുതോഷ് ഗോവാരിക്കർ, എല്ലി അവ്റാം എന്നിവരും രാഷ്ട്രീയ നേതാവ് രാജ് താക്കറെ, മുൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുത്തു.
ആമിറിന്റെ മൂന്നാമത്തെ വിവാഹം
ഇത് ആമിർ ഖാന്റെ മൂന്നാമത്തെ വിവാഹമാണ്. 1986-ൽ റീന ദത്തയെ വിവാഹം കഴിച്ച ആമിറിന് ജുനൈദ്, ഇറാ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 2002-ൽ ഇവർ വേർപിരിഞ്ഞു. പിന്നീട് 2005-ൽ സംവിധായിക കിരൺ റാവുവിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിലുള്ള മകനാണ് ആസാദ് റാവു ഖാൻ. 2021-ലാണ് കിരണുമായുള്ള വിവാഹമോചനം താരം പ്രഖ്യാപിക്കുന്നത്. വേർപിരിഞ്ഞെങ്കിലും മുൻ ഭാര്യമാരുമായി ഇപ്പോഴും അടുത്ത സൗഹൃദം ആമിർ സൂക്ഷിക്കുന്നുണ്ട്.
അടുത്തിടെ രാജ്കുമാർ ഹിരാനിയുടെ ‘പ്രീതം ആൻഡ് പെഡ്രോ’ (Pritam and Pedro) എന്ന സീരീസിന്റെ സ്ക്രീനിംഗിനിടെയാണ് ജൂലൈ 5-ന് തന്റെ വിവാഹമാണെന്ന കാര്യം ആമീർ പരസ്യമാക്കിയത്. പരമ്പരാഗത ഐവറി ധോത്തി-കുർത്ത ധരിച്ച ആമിറിന്റെയും ഗോൾഡ്-ഐവറി ലെഹങ്കയണിഞ്ഞ ഗൗരിയുടെയും ചിത്രങ്ങളും ഇർഫാൻ പത്താൻ പങ്കുവെച്ച ഇവരുടെ വിവാഹ നൃത്തത്തിന്റെ വീഡിയോയും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
