വയനാട് കള്ളാടിയിൽ വൻ മണ്ണിടിച്ചിൽ: മരണസംഖ്യ മൂന്നായി; ദുരന്തത്തിന് കാരണം കരാറുകാരന്റെ വീഴ്ചയെന്ന് മുഖ്യമന്ത്രി; രക്ഷാപ്രവർത്തനം ഊർജ്ജിതം

കൽപ്പറ്റ: വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമുണ്ടായ വൻ മണ്ണിടിച്ചിലിൽ മരണസംഖ്യ മൂന്നായി ഉയർന്നു. മരണപ്പെട്ടവർ അതിഥി തൊഴിലാളികളാണെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. തുരങ്കപാതയ്ക്ക് വേണ്ടി ഖനനം ചെയ്ത് കൂട്ടിയിട്ടിരുന്ന മണ്ണ് ശക്തമായ മഴയിൽ കുത്തിയൊലിച്ച് നിരങ്ങി വന്നതാണ് ദുരന്തത്തിന് കാരണമായത്. മണ്ണിടിച്ചിലിന്റെ ആഘാതത്തിൽ പ്രദേശത്തെ ഒരു വീടും പള്ളിയും പൂർണ്ണമായും തകർന്നു. നിലവിൽ പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

മണ്ണിനടിയിൽ ഇനിയും എത്രപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കാര്യത്തിൽ നിലവിൽ വ്യക്തത വന്നിട്ടില്ല. കാണാതായ ഏഴ് പേർക്കായി തിരച്ചിൽ തുടരുകയാണ്. അപകടത്തിൽ പരിക്കേറ്റ ഏഴ് പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

കരാറുകാരന്റെ കടുത്ത അനാസ്ഥയെന്ന് മുഖ്യമന്ത്രി; ഉത്തരവ് ലംഘിച്ചു

സംസ്ഥാനത്ത് കനത്ത ഞെട്ടലുണ്ടാക്കിയ ദുരന്തത്തിന് കാരണം കരാറുകാരന്റെ കടുത്ത വീഴ്ചയാണെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അപകടമേഖലയിൽ നിന്ന് മുൻകൂട്ടി മണ്ണ് നീക്കം ചെയ്യണമെന്ന് സർക്കാർ കർശനമായി ആവശ്യപ്പെട്ടിരുന്നതാണ്. കഴിഞ്ഞ മാസം 20-ന് തന്നെ ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ കരാറുകാരൻ ഈ നിർദ്ദേശങ്ങൾ ഒന്നും തന്നെ പാലിച്ചില്ല. വളരെ ദൗർഭാഗ്യകരമായ ദുരന്തമാണിത്. ഇത് യെല്ലോ അലർട്ടിന്റെ പ്രശ്നമല്ലെന്നും, മണ്ണ് കൃത്യസമയത്ത് നീക്കം ചെയ്യാതെ കൂട്ടിയിട്ടതാണ് അപകടത്തിന് വഴിവെച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മന്ത്രിമാർ വയനാട്ടിലേക്ക്; ഫോഴ്സ് സംഭവസ്ഥലത്ത്

ദുരന്ത വിവരമറിഞ്ഞ് മന്ത്രിമാരായ ടി. സിദ്ധീഖും അനിൽ കുമാറും വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. മുഖ്യമന്തി വി.ഡി. സതീശനുമായി അടിയന്തര കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രിമാർ ദുരന്തബാധിത പ്രദേശത്തേക്ക് പുറപ്പെട്ടത്.

പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനായുള്ള എല്ലാ സംവിധാനങ്ങളും സജ്ജമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. മീനങ്ങാടിയിൽ നിന്നുള്ള രക്ഷാസേന ഇതിനോടകം തന്നെ കള്ളാടിയിൽ എത്തിച്ചേർന്നിട്ടുണ്ട്. കോഴിക്കോട് നിന്നുള്ള പ്രത്യേക സേനാവിഭാഗം ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തും. യുദ്ധകാലാടിസ്ഥാനത്തിൽ മണ്ണ് നീക്കാനും ആളുകളെ കണ്ടെത്താനുമുള്ള ശ്രമങ്ങൾ തുടരുകയാണ്.

malayalampulse

malayalampulse