ബാങ്ക് മാനേജർ ബീഫ് നിരോധിച്ചു; ജീവനക്കാർ ബാങ്കിന് മുന്നിൽ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധം

കൊച്ചി: കനറാ ബാങ്ക് ശാഖയിലെ ക്യാന്റീനിൽ ബീഫ് വിളമ്പുന്നത് പുതിയ മാനേജർ നിരോധിച്ചതിനെത്തുടർന്ന് ജീവനക്കാർ ബാങ്കിന് മുന്നിൽ ബീഫ് ഫെസ്റ്റ് നടത്തി. പ്രതിഷേധത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

ബിഹാറി സ്വദേശിയായ റീജണൽ മാനേജറാണ് “ക്യാന്റീനിൽ ഇനി മുതൽ ബീഫ് വിളമ്പരുത്” എന്ന നിർദേശം നൽകിയത്. ഇതിനെതിരെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (BEFI) നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധം സംഘടിപ്പിച്ചു.

“ഭരണഘടനയുടെ മാർഗ്ഗനിർദേശങ്ങൾക്കനുസരിച്ചാണ് ബാങ്ക് പ്രവർത്തിക്കുന്നത്. ഭക്ഷണം വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ആരെയും ബീഫ് കഴിക്കാൻ ഞങ്ങൾ നിർബന്ധിക്കുന്നില്ല. എന്നാൽ, ക്യാന്റീനിൽ നിന്ന് അത് ഒഴിവാക്കാൻ മാനേജർക്കു അധികാരമില്ല,” – BEFI നേതാവ് എസ്.എസ്. അനിൽ വ്യക്തമാക്കി.

പ്രതിഷേധത്തിന്റെ ഭാഗമായി ഓഫീസിന് പുറത്തു ബീഫ്, പൊറോട്ട എന്നിവ വിളമ്പി ജീവനക്കാർ പങ്കെടുത്തു. “എന്ത് ധരിക്കണം, എന്ത് കഴിക്കണം, എന്ത് ചിന്തിക്കണം എന്നത് മേലുദ്യോഗസ്ഥർ തീരുമാനിക്കേണ്ട കാര്യമല്ല,” – എം.എൽ.എ കെ.ടി. ജലീൽ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

malayalampulse

malayalampulse