ആഗോള അയ്യപ്പ സംഗമ വിവാദം: പ്രതികരിച്ച് ദേവസ്വം പ്രസിഡന്റ് ജയകുമാർ; ഓഡിറ്റ് റിപ്പോർട്ടിൽ പിശക് സംശയം

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക കണക്കുകളിലെ ആശയക്കുഴപ്പം അവസാനിപ്പിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് ജയകുമാർ വ്യക്തമാക്കി. വിഷയത്തിൽ സ്വകാര്യ ഓഡിറ്ററെ ഉൾപ്പെടുത്തി ചർച്ച നടത്തുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഓഡിറ്റ് റിപ്പോർട്ടിൽ ചില പിശകുകൾ ഉണ്ടായിരിക്കാമെന്ന സംശയം ഉണ്ടെന്നും, എസ്റ്റിമേറ്റ് തുക അതേപടി അനുവദിക്കാറില്ലെന്നും ചർച്ചകളിലൂടെ കുറയ്ക്കുന്നതാണ് പതിവെന്നും ജയകുമാർ പറഞ്ഞു. മൂന്ന് കോടി രൂപ ബോർഡിൽ തിരികെ ഏൽപ്പിച്ചതായും, എന്നാൽ കണക്കുകളിൽ ഇപ്പോഴും ചില ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വിഷയത്തിൽ പ്രതികരിച്ച് ദേവസ്വം മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി: ആഗോള അയ്യപ്പ സംഗമത്തിലെ വരവ്-ചെലവ് കണക്കുകൾ വിശദീകരിക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണെന്ന്. സർക്കാരിന് വരവ്-ചെലവ് കണക്കുകൾ നേരിട്ട് പറയാനുള്ള അധികാരമില്ലെന്നും മന്ത്രി പറഞ്ഞു.

നിയമസഭയിൽ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടി കൃത്യമാണെന്നും, അഡ്വാൻസ് ആയി നൽകിയ തുക തിരികെ നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കണക്കുകളിൽ വ്യക്തത വരുത്തേണ്ടത് ദേവസ്വം ബോർഡാണെന്നും, ആവശ്യമായപ്പോൾ ബോർഡിനോട് ചോദിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

malayalampulse

malayalampulse