കെ-റെയിലിന് റെഡ് സിഗ്നൽ; സിൽവർ ലൈൻ പദ്ധതി റദ്ദാക്കി സർക്കാർ

തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് സിൽവർ ലൈൻ പദ്ധതി ഔദ്യോഗികമായി റദ്ദാക്കിയതായി മുഖ്യമന്ത്രി V. D. Satheesan പ്രഖ്യാപിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനങ്ങളും ഭൂമി ഏറ്റെടുക്കൽ നടപടികളും പിൻവലിക്കുമെന്നും, സമരങ്ങളുമായി ബന്ധപ്പെട്ട പൊലീസ് കേസുകൾ പിൻവലിക്കാൻ ശുപാർശ നൽകുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭൂമിയിൽ സ്ഥാപിച്ചിരുന്ന മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യൂ വകുപ്പിന് നിർദ്ദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. “പ്രായോഗികമല്ലാത്തതിനാലാണ് സിൽവർ ലൈൻ പദ്ധതി ഒഴിവാക്കിയത്. യുഡിഎഫ് സബ് കമ്മിറ്റി നടത്തിയ വിശദമായ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം,” എന്ന് അദ്ദേഹം പറഞ്ഞു. സിൽവർ ലൈനിന് പകരം സ്പീഡ് കൊറിഡോർ, അതിവേഗ റെയിൽ ഇടനാഴി തുടങ്ങിയ ബദൽ പദ്ധതികൾ സർക്കാർ പരിഗണിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

സംസ്ഥാന വികസനത്തിനായി “വിഷൻ 2031” നടപ്പാക്കുമെന്നും, ആദ്യ 100 ദിവസത്തെ കർമ്മപദ്ധതിക്കായി അടിയന്തര പ്രവർത്തനങ്ങളുടെ പട്ടിക തയ്യാറാക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്മ പുരസ്കാരങ്ങൾക്കുള്ള ശുപാർശ സമർപ്പിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയതും മന്ത്രിസഭാ യോഗത്തിലെ പ്രധാന തീരുമാനമായി. 2026 ഓഗസ്റ്റ് 31നകം കാലാവധി അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളും നവംബർ 30 വരെ നീട്ടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

വന്ദേമാതരം മുഴുവനായും ആലപിച്ച സംഭവത്തെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. “ഇത് ലോക്ഭവന്റെ നിർദേശപ്രകാരമായിരുന്നു. പരിപാടി സംഘടിപ്പിച്ചത് രാജ്ഭവനാണ്. വേദിയിലെത്തിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്,” എന്നും അദ്ദേഹം പറഞ്ഞു.

വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾ കഴിഞ്ഞ രാത്രിയോടെ പൂർത്തിയായെന്നും, ഗവർണർ സംസ്ഥാനത്തിന് പുറത്തായതിനാലാണ് വിജ്ഞാപനം വൈകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗവർണർക്ക് അന്തിമ പട്ടിക കൈമാറിയതായും അദ്ദേഹം പറഞ്ഞു.

ലത്തീൻ ബിഷപ്പ് ഹൗസിലെ സന്ദർശനത്തെ ചൊല്ലിയ വിമർശനങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. “എല്ലാവരോടും നല്ല ബന്ധം പുലർത്തേണ്ടത് ഭരണാധികാരിയുടെ ഉത്തരവാദിത്തമാണ്. ആരെങ്കിലും വർഗീയത പറഞ്ഞാൽ ശക്തമായി എതിർക്കും. അതിശക്തമായ സെക്യുലർ നിലപാടാണ് സർക്കാരിനുള്ളത്,” എന്ന് അദ്ദേഹം പറഞ്ഞു.

സൈബർ ആക്രമണങ്ങളെക്കുറിച്ചും മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. പ്രത്യേകിച്ച് വനിതാ മാധ്യമപ്രവർത്തകരെതിരെയുള്ള അധിക്ഷേപങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, “സൈബർ ഇടത്തിൽ ആരും അപമാനിക്കപ്പെടരുത്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

malayalampulse

malayalampulse