കോഴിക്കോട്: മാങ്കാവിന് സമീപം സ്വകാര്യ ആശുപത്രിക്ക് മുന്നിൽ സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ട യുവതി കെ.എസ്.ആർ.ടി.സി ബസിന്റെ ഗ്ലാസ് അടിച്ചുതകർത്തു. കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസാണ് യുവതി അടിച്ചുതകർത്തത്. കോഴിക്കോടാണ് സംഭവം.
മിംസ് ആശുപത്രി സ്റ്റോപ്പിൽ നിർത്തണമെന്ന് യുവതി ആവശ്യപ്പെട്ടത്. അവിടെ സ്റ്റോപ്പില്ലെന്ന് ഡ്രൈവറും കണ്ടക്ടറും പലതവണ യുവതിയോട് പറയുന്നുണ്ട്. എന്നാൽ, ഇത് ശ്രദ്ധിക്കാതെ വീണ്ടും വാഹനം നിർത്താൻ യുവതി ആവശ്യപ്പെടുകയായിരുന്നു. ഡ്രൈവർ തെറ്റായ ദിശയിലാണ് വാഹനമോടിക്കുന്നതെന്നും യുവതി ആരോപിച്ചു. താൻ പരാതി നൽകുമെന്നും യുവതി പറയുന്നു. തുടർന്ന് വാഹനത്തിന്റെ സൈഡ് ഗ്ലാസ് തല്ലി തകർക്കുകയായിരുന്നു.
ഗ്ലാസ് അടിച്ചു തകർത്ത സംഭവത്തിൽ ബസിന് കേടുപാട് ഉണ്ടാക്കിയതിനാൽ യുവതിയിൽ നിന്ന് 25,000 രൂപ പിഴ ഈടാക്കി കെ.എസ്.ആർ.ടി.സി അധികൃതർ പ്രശ്നം ഒത്തുതീർപ്പാക്കി വിട്ടയക്കുകയായിരുന്നു. കട്ടപ്പനയിൽനിന്ന് പുൽപ്പള്ളിയിലേക്ക് പോകുന്ന ബസിലായിരുന്നു സംഭവം. നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയുമായി ബന്ധപ്പെട്ട ഒരു സമൂഹമാധ്യമ പേജിലൂടെയാണ് സംഭവം പുറത്തുവന്നത്.
