പാരിയത്തുകാവ് കോളനി കുടിയൊഴിപ്പിക്കൽ ഭീഷണി: ഭൂമി അളന്നു തിട്ടപ്പെടുത്തുന്നത് റവന്യൂ വകുപ്പുമായി ആലോചിച്ച് പരിശോധിക്കുമെന്ന് മന്ത്രി കെ. എ. തുളസി

പാരിയത്തുകാവ് കോളനി നിവാസികൾക്കൊപ്പം സർക്കാരെന്ന് മന്ത്രി കെ.എ. തുളസി

എറണാകുളം: കുന്നത്തുനാട് പാരിയത്തുകാവ് കോളനിയിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പിലാക്കുന്നതിൽ സർക്കാർ അടിയന്തിര ഇടപെടൽ നടത്തിയിട്ടുണ്ടെന്ന് പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി അറിയിച്ചു. കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന കോളനി പ്രദേശം സന്ദർശിച്ച്, അവിടുത്തെ കുടുംബാംഗങ്ങളുമായി വിശദമായി ചർച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ദിവസം കോളനി നിവാസികളുടെ പ്രതിനിധികൾ സെക്രട്ടേറിയറ്റിലെത്തി മന്ത്രിയെ നേരിൽ കണ്ട് വിഷയം ധരിപ്പിച്ചിരുന്നു.

കോളനിയിലെ ഭൂമി കൃത്യമായി അളന്നു തിട്ടപ്പെടുത്തണമെന്ന പ്രദേശവാസികളുടെ ആവശ്യം റവന്യൂ വകുപ്പുമായി ആലോചിച്ച് അടിയന്തിരമായി പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. റവന്യൂ വിഭാഗവുമായി ബന്ധപ്പെട്ട് ഇതിനാവശ്യമായ തുടർനടപടികൾ സ്വീകരിക്കും.

“മുൻ സർക്കാരിന്റെ കാലത്ത് കോടതി നടപടികൾ ഉണ്ടായപ്പോൾത്തന്നെ ഭൂമി അളന്നു തിട്ടപ്പെടുത്തുക ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തിരുന്നുവെങ്കിൽ, ഇന്ന് ഇവിടുത്തെ ജനങ്ങൾക്ക് ഈയൊരു ദുരവസ്ഥ നേരിടേണ്ടി വരില്ലായിരുന്നു.”

— മന്ത്രി കെ. എ. തുളസി

കഴിഞ്ഞ 10 വർഷം ഭരിച്ച ഇടതുമുന്നണി സർക്കാർ ആദ്യഘട്ടത്തിൽത്തന്നെ ഈ വിഷയത്തിൽ കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ പ്രശ്നം ഇത്രത്തോളം സങ്കീർണ്ണമാകില്ലായിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് കൂട്ടിചേർത്തു.

മന്ത്രിയുടെ സന്ദർശന വേളയിൽ എം.എൽ.എമാരായ മുഹമ്മദ് ഷിയാസ്, വി. പി. സജീന്ദ്രൻ എന്നിവരും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

malayalampulse

malayalampulse