തിരുവനന്തപുരം: നായർ–ഈഴവ സാമുദായിക ഐക്യം അസംബന്ധവും രാഷ്ട്രീയമായി പ്രസക്തിയില്ലാത്തതുമാണെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. ഐക്യം ഉണ്ടായാലും അത് കേരളത്തിൽ ഒരു ചലനവും സൃഷ്ടിക്കില്ലെന്നും മഹാഭൂരിപക്ഷം സാധാരണക്കാർക്ക് ഇതിലൂടെ യാതൊരു ഗുണവും ഉണ്ടാകില്ലെന്നും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.
ഈഴവ സമുദായ അംഗങ്ങളെപ്പോലും ഈ ഐക്യത്തിന്റെ ആവശ്യകത ബോധിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും, മുമ്പും പല തവണ നായർ–ഈഴവ ഐക്യം ചർച്ചയായിട്ടുള്ളതാണെന്നും അതിനാൽ ഇത് പുതുമയുള്ള കാര്യമല്ലെന്നും പുന്നല ശ്രീകുമാർ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ചർച്ചകളാണ് വീണ്ടും ഉയർന്നു വരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന യോഗത്തിന് പിന്നാലെ സാമുദായിക ഐക്യം അനിവാര്യമാണെന്ന നിലപാടുമായി എസ്എൻഡിപി രംഗത്തെത്തി. നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയിരുന്നു. എൻഎസ്എസുമായി ചർച്ചകൾ നടത്താൻ തയ്യാറാണെന്നും, അടുത്ത ദിവസങ്ങളിൽ തന്നെ ചർച്ചകൾ ആരംഭിക്കുമെന്നും വെള്ളാപ്പള്ളി അറിയിച്ചിരുന്നു.
എൻഎസ്എസുമായി സംസാരിക്കുന്നതിന് തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും, ഐക്യ കാഹളം മുഴക്കിയതിനും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നൽകിയ പിന്തുണയ്ക്കും നന്ദിയുണ്ടെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. ഇനി എൻഎസ്എസുമായി കൊമ്പുകോർക്കില്ലെന്നും, മുൻപുണ്ടായ സാഹചര്യങ്ങൾ ഇനി ആവർത്തിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വെള്ളാപ്പള്ളിയുടെ ഐക്യ ആഹ്വാനത്തെ സ്വാഗതം ചെയ്തുകൊണ്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും രംഗത്തെത്തി. തുഷാർ വെള്ളാപ്പള്ളി എത്തുമ്പോൾ ഒരു മകനെ പോലെ സ്വീകരിക്കുമെന്നും, രാഷ്ട്രീയ നേതാവെന്ന നിലയിൽ അല്ല, എസ്എൻഡിപി പ്രതിനിധിയെന്ന നിലയിലാണ് തുഷാറിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശനോട് സ്നേഹത്തോടെ നന്ദി അറിയിക്കുന്നതായും സുകുമാരൻ നായർ വ്യക്തമാക്കി.
ഒരു വിഭാഗം സാമുദായിക നേതാക്കൾ ഐക്യത്തെ സ്വാഗതം ചെയ്യുമ്പോൾ, മറുവശത്ത് കെപിഎംഎസ് അടക്കമുള്ള സംഘടനകളുടെ കടുത്ത വിമർശനം ഉയരുന്നത് നായർ–ഈഴവ ഐക്യം കേരള രാഷ്ട്രീയത്തിലും സാമുദായിക രംഗത്തും പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കുകയാണ്.
