ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യ തകർത്ത നൂർ ഖാൻ വ്യോമത്താവളത്തിന്റെ പുനർനിർമ്മാണം ആരംഭിച്ച് പാകിസ്ഥാൻ; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ തകർത്ത നൂർ ഖാൻ എയർബേസ് പുനർനിർമ്മാണം ആരംഭിച്ചതായി മാക്‌സർ ടെക്‌നോളജീസ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങൾ. റാവൽപിണ്ടിയിലെ വിവിഐപി വ്യോമതാവളം പ്രവർത്തനം തുടരുന്നതായി ദൃശ്യങ്ങൾ തെളിയിക്കുന്നു.

ഇസ്‌ലാമാബാദ്: ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിൽ ഇന്ത്യൻ വ്യോമസേന തകർത്ത നൂർ ഖാൻ എയർബേസ് പുനർനിർമ്മാണം ആരംഭിച്ചതായി ഉപഗ്രഹ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. യുഎസ് ആസ്ഥാനമായ മാക്‌സർ ടെക്‌നോളജീസ് പുറത്തുവിട്ട ചിത്രങ്ങളിൽ വ്യോമത്താവളത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വ്യക്തമായി കാണാം.

ആക്രമണത്തിന് നാല് മാസം കഴിഞ്ഞിട്ടും റാവൽപിണ്ടിയിലെ തന്ത്രപ്രധാനമായ വിവിഐപി വ്യോമത്താവളത്തിൽ പുനർനിർമാണം തുടരുകയാണ്. പാകിസ്ഥാൻ വ്യോമസേനയുടെ 12-ാം നമ്പർ വിഐപി സ്ക്വാഡ്രൺ “ബുറാക്സ്” ഇവിടെ പ്രവർത്തിക്കുന്നു. വിദേശ സന്ദർശനങ്ങൾക്കായി പോകുന്ന പാകിസ്ഥാൻ പ്രസിഡന്റ്, പ്രധാനമന്ത്രി, സൈനിക മേധാവികൾ, കാബിനറ്റ് മന്ത്രിമാർ എന്നിവരുടെ സുരക്ഷയ്ക്കുള്ള പ്രധാന കേന്ദ്രമാണ് ഈ എയർബേസ്.

ചൈനയിലെ ടിയാൻജിനിൽ നടന്ന എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പുറപ്പെട്ടതും ഈ നൂർഖാൻ എയർബേസിൽ നിന്നായിരുന്നു. പുനർനിർമ്മാണം നടക്കുന്നതിനിടയിലും എയർബേസ് പ്രവർത്തനക്ഷമമായി തുടരുന്നതാണ് പുറത്തുവന്ന ചിത്രങ്ങൾ വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ സാറ്റലൈറ്റ് ചിത്രങ്ങളിൽ, ബോംബാർഡിയർ ഗ്ലോബൽ 6000 മോഡൽ വിഐപി ജെറ്റ്, നിർമാണ പ്രദേശത്തിന് സമീപം പാർക്ക് ചെയ്തിരിക്കുന്നതും ദൃശ്യമായി. ഇന്ത്യ നടത്തിയ ആക്രമണത്തിൽ സൈനിക ട്രക്കുകൾ ഉൾപ്പെടെ വ്യോമതാവളത്തിന് വലിയ നാശനഷ്ടം സംഭവിച്ചിരുന്നു.

malayalampulse

malayalampulse