ഗുവാഹത്തി | Jan 26, 2026
ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിനിടെ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ കാഴ്ചവെച്ച വെടിക്കെട്ട് ബാറ്റിംഗ് ആരാധകരെ മാത്രമല്ല, കിവീസ് താരങ്ങളെയും അമ്പരപ്പിച്ചു. മത്സരശേഷം അഭിഷേകിന്റെ ബാറ്റ് വാങ്ങി ന്യൂസിലൻഡ് താരങ്ങൾ പരിശോധിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നർ, ഡെവോൺ കോൺവേ, ജേക്കബ് ഡഫി എന്നിവർ ചേർന്നാണ് അഭിഷേകിന്റെ ബാറ്റ് പരിശോധിച്ചത്. ദൃശ്യങ്ങൾ ക്രിക്കറ്റ് ആരാധകരെ 90-കളിലേക്ക് തിരികെ കൊണ്ടുപോയി. ഒരുകാലത്ത് റിക്കി പോണ്ടിംഗിനും സനത് ജയസൂര്യയ്ക്കും ബാറ്റിൽ ‘സ്പ്രിംഗ്’ ഉണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഉണ്ടായിരുന്നതിനെ ഓർത്താണ് ആരാധകർ സംഭവം തമാശയായി ഏറ്റെടുത്തത്.
മത്സരത്തിൽ അഭിഷേക് ശർമ വെറും 14 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കി, ടി20യിൽ ഏറ്റവും വേഗത്തിൽ ഫിഫ്റ്റി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി മാറി. 12 പന്തിൽ അർധസെഞ്ചുറി നേടിയ യുവ്‌രാജ് സിംഗിന്റെ റെക്കോർഡിന് തൊട്ടുപിന്നിലാണ് അഭിഷേകിന്റെ നേട്ടം. താരം 20 പന്തിൽ പുറത്താവാതെ 68 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ ഒരു ഡോട്ട് ബോൾ പോലും ഉണ്ടായിരുന്നില്ല.
അഭിഷേകിന്റെയും ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും (26 പന്തിൽ 57) മികവിൽ ഇന്ത്യ വെറും 10 ഓവറിൽ ലക്ഷ്യം മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി.
നിലവിൽ ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള അഭിഷേക് ശർമ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓപ്പണർമാരിൽ ഒരാളായി മാറിയിരിക്കുകയാണ്. 36 ടി20 മത്സരങ്ങളിൽ നിന്നായി 1,267 റൺസും 195.22 എന്ന സ്ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്.
