എന്തിനെയും എതിര്‍ത്ത് ഇല്ലാതാക്കാന്‍ ശ്രമിക്കുകയല്ലാതെ എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യുമെന്ന് ജനങ്ങളോട് പറയാനോ നല്ലതിനെ അംഗീകരിക്കാനോ പ്രതിപക്ഷം തയ്യാറായിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
തിരുവനന്തപുരം: “കേരളത്തിലെ ഏതെങ്കിലും ഒരു പദ്ധതിയെ പ്രതിപക്ഷം എതിര്‍ക്കാതിരുന്നിട്ടുണ്ടോ?”— തദ്ദേശ തെരഞ്ഞെടുപ്പ് ചൂടുപിടിച്ചിരിക്കുന്ന സമയത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത രാഷ്ട്രീയ ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. വിവിധ പ്രധാന പദ്ധതികളിൽ യുഡിഎഫ് സ്വീകരിച്ച പഴയ നിലപാടുകൾ ഇന്ന് മാറിയിട്ടുണ്ടോ എന്ന ചോദ്യമാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പ്രധാന ആശയം.
മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ പ്രധാന വിഷയങ്ങൾ—ലൈഫ് മിഷൻ, വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത, തീരദേശ ഹൈവേ, കിഫ്ബി വികസന പദ്ധതികൾ, ദേശീയപാത വികസനം, ഗെയിൽ പൈപ്പ്ലൈൻ, അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതി, കേരള ബാങ്ക്, കെ-ഫോൺ പദ്ധതി—എല്ലാം തന്നെയാണ് പ്രതിപക്ഷം ഒരിക്കൽ ശക്തമായി എതിര്‍ത്തതെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ന് ഈ പദ്ധതികൾ യാഥാർത്ഥ്യമായിക്കഴിഞ്ഞപ്പോൾ പ്രതിപക്ഷത്തിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം.
ലൈഫ് മിഷനെ പിരിച്ചുവിടുമെന്ന യുഡിഎഫ് പ്രഖ്യാപനവും, വിഴിഞ്ഞം തുറമുഖം “അസാധാരണ ആരോപണങ്ങളോടെ” എതിര്‍ത്തതും, തീരദേശ ഹൈവേ തടയാൻ നൽകിയ കത്തുകളും—എല്ലാം മുഖ്യമന്ത്രിയുടെ ചോദ്യങ്ങളിൽ ഉൾപ്പെടുന്നു. ക്ഷേമപെൻഷനെ “വോട്ടിനുള്ള കൈക്കൂലി” എന്നാണ് പ്രതിപക്ഷം വിശേഷിപ്പിച്ചതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ദേശീയപാത വികസനവും ഗെയിൽ പൈപ്പ്ലൈനും എതിർത്തിട്ടും ഇന്ന് അവ യാഥാർത്ഥ്യമാണെന്ന കാര്യം മുഖ্যমന്ത്രി ചൂണ്ടിക്കാട്ടി. കിഫ്ബിയെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ചപ്പോഴും യുഡിഎഫ് അതിനൊപ്പം നിന്നില്ലേ എന്നും ചോദിച്ചു. കേരള ബാങ്കിനെതിരെ ഉണ്ടായിരുന്ന തുറന്ന എതിർപ്പുകൾക്കും അദ്ദേഹം പരാമർശം നടത്തി.
കെ–റെയിലിനെതിരെ ‘കുറ്റി പറിച്ച’ സമരത്തിന് ശേഷം ഇന്ന് വേഗഗതിയുള്ള റെയിൽപാത വേണ്ടെന്നു പറയുന്നതാണോ യുഡിഎഫിന്റെ ഇപ്പോഴത്തെ നിലപാട് എന്നും ചോദിച്ചു.
“ഭക്ഷ്യകിറ്റിനെപ്പോലും പരിഹസിച്ച പ്രതിപക്ഷം, ഒരിക്കലും ഒരു നല്ല പദ്ധതിയെ പിന്തുണച്ചിട്ടുണ്ടോ?”—മുഖ്യമന്ത്രി അവസാനത്തിൽ ചോദിച്ചു.
